കണ്ണൂർ: കണ്ണൂർ പേരാവൂരിലെ കൃപാലയം അഗതി മന്ദിരത്തിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. അഗതി മന്ദിരത്തിലെ നൂറിലേറെ അന്തേവാസികൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കൃപാ ഭവൻ അഗതി മന്ദിരത്തിൽ അഞ്ച് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
പലതരം അസുഖങ്ങൾ ഉള്ളവരാണ് കൃപാ ഭവനിലെ അന്തേവാസികൾ. അവരിൽ പലർക്കും കൊവിഡ് കൂടി വന്നതോടെ കടുത്ത ആശങ്കയിലും പ്രതിസന്ധിയിലുമാണ് സ്ഥാപന നടത്തിപ്പുകാർ. ഭക്ഷണമടക്കം കിട്ടാത്ത സാഹചര്യമാണുള്ളതെന്നും രോഗികളുടെ അവസ്ഥ കൂടുതൽ ദയനീയമാവുകയാണെന്ന് നടത്തിപ്പുകാർ പറയുന്നു. ഇതുവരെ ജില്ലാ ഭരണകൂടം പ്രശ്നത്തിൽ ഇടപെട്ടിട്ടില്ല.

