ദുബായ്: യു.എ.ഇ. ആതിഥേയത്വം വഹിക്കുന്ന ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് ഒക്ടോബര്‍ 23 നു തുടക്കം. കിരീട പോരാട്ടം നവംബര്‍ 14ന് നടക്കും. നവംബര്‍ 10, 11 തീയതികളിലാണു സെമിഫൈനല്‍. ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ഉദ്ഘാടനമത്സരം. 24 ന് പാകിസ്താനെതിരേയാണ് ഇന്ത്യയുടെ ആദ്യമത്സരം.ആറു ടീമുകള്‍ വീതമുള്ള രണ്ടു ഗ്രൂപ്പുകളായാണ് ടൂര്‍ണമെന്റ് ക്രമീകരിച്ചിരിക്കുന്നത്. ഗ്രൂപ്പ് ഒന്നില്‍ ഓസ്ട്രേലിയ, ഇം ണ്ട്, ദക്ഷിണാഫ്രിക്ക, വെസ്റ്റിന്‍ഡീസ് എന്നീ വമ്പന്‍മാര്‍ക്കൊപ്പം യോഗ്യതാ റൗണ്ടിനുശേഷമെത്തുന്ന രണ്ടു ടീമുകളും ഉള്‍പ്പെടുന്നു.ഗ്രൂപ്പ് രണ്ടിലാണ് ഇന്ത്യ. ന്യൂസിലന്‍ഡ്, പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവയ്ക്കു പുറമേ യോഗ്യതാ റൗണ്ട് ജയിച്ചെത്തുന്ന രണ്ടു ടീമുകളായിരിക്കും ഗ്രൂപ്പിലുള്ളത്. അബുദാബി, ഷാര്‍ജ, ദുബായ് എന്നീ വേദികളിലാണ് മത്സരങ്ങള്‍. ഫൈനല്‍, സെമി എന്നിവയ്ക്കു ദുബായ് വേദിയാകും.സൂപ്പര്‍ 12-ല്‍ ഗ്രൂപ്പിലെ ടീമുകള്‍ തമ്മില്‍ ഓരോ തവണ പരസ്പരം ഏറ്റുമുട്ടും. രണ്ടു ഗ്രൂപ്പില്‍നിന്നും പോയിന്റ് പട്ടികയില്‍ മുന്നിലെത്തുന്ന രണ്ടു ടീമുകള്‍ സെമിയില്‍ കളിക്കും. ഗ്രൂപ്പ് എ ഒന്നാം സ്ഥാനക്കാരും ഗ്രൂപ്പ് ബി രണ്ടാം സ്ഥാനക്കാരും തമ്മില്‍ ആദ്യസെമിയില്‍ കൊമ്പുകോര്‍ക്കും. ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരും ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരും തമ്മിലാണു രണ്ടാം സെമി. രണ്ടു സെമി മത്സരങ്ങള്‍ക്കും ഫൈനലിനും റിസര്‍വ് ദിനവുമുണ്ട്. സൂപ്പര്‍ 12-ലേക്കുള്ള നാലു സ്ഥാനങ്ങള്‍ക്കായുള്ള യോഗ്യതാറൗണ്ട് മത്സരങ്ങള്‍ ഒക്ടോബര്‍ 17 ന് ഒമാനില്‍ ആരംഭിക്കും. എട്ടു ടീമുകള്‍ നാലുവീതമുള്ള രണ്ടു ഗ്രൂപ്പായി തിരിഞ്ഞാണ് യോഗ്യതാ റൗണ്ടില്‍ മാറ്റുരയ്ക്കുന്നത്. രണ്ടു ഗ്രൂപ്പില്‍നിന്നും പോയിന്റ് പട്ടികയില്‍ മുന്നിലെത്തുന്ന രണ്ടു ടീമുകള്‍ സൂപ്പര്‍ 12-ല്‍ കടക്കും. ശ്രീലങ്ക, അയര്‍ലന്‍ഡ്, ഹോളണ്ട്, നമീബിയ എന്നീ ടീമുകള്‍ ഗ്രൂപ്പ് എയിലും ബംഗ്ലാദേശ്, സ്‌കോട്ലന്‍ഡ്, പാപുവ ന്യുഗിനി, ഒമാന്‍ എന്നിവ ഗ്രൂപ്പ് ബിയിലുമാണ്. 17 ന് ഒമാന്‍-പാപുവ ന്യൂഗിനി മത്സരത്തോടെ യോഗ്യതാറൗണ്ട് മത്സരങ്ങള്‍ക്കു തുടക്കമാകും.
ട്വന്റി 20 ലോകകപ്പ് ഒക്ടോബര്‍ 23 മുതല്‍
