പെഗാസസ്: വിദഗ്ധ സമിതിക്കു മുന്നില്‍ മുഴുവന്‍ കാര്യങ്ങളും വ്യക്തമാക്കാമെന്ന് സര്‍ക്കാര്‍

ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ വിദഗ്ധ സമിതിക്കു മുന്നില്‍ മുഴുവന്‍ കാര്യങ്ങളും വ്യക്തമാക്കാമെന്ന് സര്‍ക്കാര്‍. സ്വതന്ത്ര സമിതിയെ നിയോഗിക്കാമെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയെ അറിയിച്ചു. സമിതി സുപ്രീം കോടതിക്കു റിപ്പോര്‍ട്ട് നല്‍കും. പെഗാസസ് സോഫ്റ്റ്വേര്‍ ഉപയോഗിച്ചു ഫോണ്‍ ചോര്‍ത്തിയോ ഇല്ലയോ എന്ന കാര്യം പരസ്യമായി പറയില്ല. ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണിത്. അതിനാല്‍, ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ പുതുതായി സത്യവാങ്മൂലം സമര്‍പ്പിക്കില്ലെന്നും സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. അതേസമയം, ജുഡീഷ്യല്‍ അന്വേഷണമോ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണമോ വേണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജികളില്‍ കേന്ദ്ര സര്‍ക്കാരിനു നോട്ടീസ് അയയ്ക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് എന്‍.വി. രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, അനിരുദ്ധ ബോസ് എന്നിവരടങ്ങുന്ന ബെഞ്ചാണ് നോട്ടീസ് അയയ്ക്കാന്‍ ഉത്തരവിട്ടത്.
സാമൂഹിക-രാഷ്ട്രീയ-മാധ്യമ മേഖലകളിലെ പ്രമുഖരുടെ ഫോണ്‍ ചോര്‍ത്തിയോ എന്ന കാര്യംമാത്രമാണ് പരിഗണിക്കുന്നെതന്നു ഹര്‍ജികള്‍ പരിഗണിക്കവെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

Share
അഭിപ്രായം എഴുതാം