ന്യൂഡല്‍ഹി: വരുന്ന ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ കളിക്കുമെന്ന് അഫ്ഗാനിസ്ഥാന്‍. ടീം മീഡിയാ മാനേജര്‍ ഹിക്മത് ഹസനാണു ടീം ലോകകപ്പില്‍ കളിക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞത്.അഫ്ഗാനിലെ ആഭ്യന്തര പ്രശ്നങ്ങള്‍ മൂലം ടീമിനു തയാറെടുക്കാനാകില്ലെന്ന ആശങ്ക നിലനില്‍ക്കുമ്പോഴാണു ക്രിക്കറ്റ് ബോര്‍ഡിനു വേണ്ടി ഹിക്മത് നിലപാട് വ്യക്തമാക്കിയത്. ഓസ്ട്രേലിയ, വെസ്റ്റിന്‍ഡീസ് ടീമുകള്‍ക്കൊപ്പം നടക്കുന്ന ത്രിരാഷ്ട്ര ട്വന്റി20 പരമ്പരയ്ക്കുള്ള തയാറെടുപ്പിലാണ് അഫ്ഗാന്‍ ടീമെന്നും ഹിക്മത് പറഞ്ഞു.ലോകകപ്പിനു മുന്നോടിയായി ശ്രീലങ്കയിലോ മലേഷ്യയിലോ പരിശീലന ക്യാമ്പ് സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ്. പാകിസ്താനെതിരേ ശ്രീലങ്കയിലെ ഹാംബന്‍ടോട്ടയില്‍ ട്വന്റി20 കളിക്കാനും പദ്ധതിയുണ്ട്്.അഫ്ഗാന്റെ റാഷിദ് അലിയും മുഹമ്മദ് നബിയും അടുത്ത മാസം സെപ്റ്റംബര്‍ 19 നു പുനരാരംഭിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ടൂര്‍ണമെന്റില്‍ കളിക്കുമെന്നു സണ്‍റൈസേഴ്സ് ഹൈദരാബാദ് വ്യക്തമാക്കി. രണ്ടു പേരും സണ്‍റൈസേഴ്സിന്റെ ഭാഗമാണെന്നു ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ. ഷണ്‍മുഖം പറഞ്ഞു. ഐ.പി.എല്‍. 14-ാം സീസണിന്റെ തുടര്‍ന്നുള്ള മത്സരങ്ങള്‍ യു.എ.ഇയില്‍ നടത്താന്‍ തീരുമാനിച്ചിരുന്നു. കോവിഡ്-19 വൈറസ് മഹാമാരിയുടെ രണ്ടാം തരംഗം മൂലമാണു മത്സരങ്ങള്‍ നിര്‍ത്തിവച്ചത്. സെപ്റ്റംബര്‍ 19 നു നടക്കുന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍ കിങ്സിനെ നേരിടും.
ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ കളിക്കുമെന്ന് അഫ്ഗാന്‍
