ചിന്നക്കനാൽ (ഇടുക്കി): കാട്ടാന ചെരിഞ്ഞതിന്റെ അന്വേഷണത്തിന്റെ പേരിൽ ആദിവാസി കുടുംബത്തെ മർദ്ദിച്ചതിനു പിന്നാലെ ആനയുടെ ജഡം അയൽവാസിയായ കർഷകന്റെ പട്ടയഭൂമിയിൽ കത്തിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അതിക്രമവും വാഴ്ചയും ചിന്നക്കനാലിൽ തുടരുന്നു.
ആനയെ സംസ്കരിക്കുന്ന സ്ഥലത്തെ ഭീതിയോടെയാണ് ആദിവാസികളും ഗ്രാമീണരും കരുതിവരുന്നത്. സ്ത്രീകളെയും കുട്ടികളെയും ഇത് സദാ അലട്ടിക്കൊണ്ടുമിരിക്കും. കാട്ടാന ആക്രമണത്തിന്റെ വാർത്തകൾ വരുമ്പോഴൊക്കെ ഈ ആകുലതകൾ ഉയർന്നുവരും. ഇതെല്ലാം അറിയിച്ചിട്ടും പട്ടയ ഭൂമിയിൽ ജഡം കത്തിക്കുകയായിരുന്നു.

വെള്ളിയാഴ്ച രാവിലെയാണ് ചിന്നക്കനാൽ 301 കോളനിയിൽ പിടിയാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. വൈദ്യുതാഘാതമേറ്റാണ് മരണമെന്ന് ശനിയാഴ്ച നടത്തിയ പോസ്റ്റ്മോർട്ടത്തിനുശേഷം വെറ്റിനറി ഡോക്ടർ വ്യക്തമാക്കി. കാട്ടാന ശല്യത്തിൽ നിന്ന് രക്ഷ തേടി പ്രദേശത്തോ പരിസരത്തോ ആരോ വൈദ്യുതി കമ്പി വലിച്ച് ഉണ്ടാക്കിയ സുരക്ഷാ സംവിധാനത്തിൽ തട്ടിയാണ് അപകടമുണ്ടായതെന്നാണ് കരുതുന്നത്. എന്നാൽ ആനയുടെ ജഡം കാണപ്പെട്ട ഉടനെതന്നെ പരിസരത്തെ വീടുകളിൽ വനം ഉദ്യോഗസ്ഥർ ഭീഷണിയുമായി എത്തി. മന്നാൻ ആദിവാസി വിഭാഗക്കാരായ സുരേഷിനെയും ഭാര്യയെയും മകനേയും മർദ്ദിച്ചു എന്ന് അവർ പരാതിപ്പെട്ടിട്ടുണ്ട്. കുറ്റം ഏറ്റെടുക്കാൻ ആവശ്യപ്പെട്ടായിരുന്നു മർദ്ദനം. പിന്നാലെ ഇവരെ വീട്ടിൽ നിന്ന് കാണാതായി. ഒളിവിലാണെന്ന് ഫോറസ്റ്റും മർദ്ദനം പേടിച്ച് ഓടി പോയതാണെന്ന് നാട്ടുകാരും പറയുന്നു.
ഇതിൻറെ പിന്നാലെയാണ് ശനിയാഴ്ച വൈകിട്ടോടെ ആനയുടെ ജഡം കൃഷിക്കാരന്റെ പട്ടയ ഭൂമിയിൽ സംസ്കരിച്ചത്. ഒരേക്കർ വീതം പട്ടയം നൽകി ആദിവാസികളെ കുടിയിരുത്തിയ പ്രദേശമാണ് ഇത്. പരിസരത്ത് ആദിവാസികൾ അല്ലാത്ത കൃഷിക്കാരും ഉണ്ട്.
സംഭവം പ്രതിഷേധമായിരിക്കുകയാണ്. 301 കോളനിയിലെ 177 നമ്പർ പ്ലോട്ടിലാണ് ആനയുടെ ജഡം സംസ്കരിച്ചത്. നായൻ അഴകൻ എന്ന മന്നാൻ ആദിവാസിയുടെയാണ് ഈ ഭൂമി . ജനവാസ കേന്ദ്രത്തിന് നടുവിൽ കൃഷിഭൂമിയിൽ ആനയെ സംസ്കരിക്കുന്നതിൽ ആളുകൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. സദാ ആന ഭീതിയിൽ കഴിയുന്നവർക്ക് പുതിയൊരു പ്രശ്നം കൂടി വനം വകുപ്പ് ഉദ്യോഗസ്ഥർ നൽകിയിരിക്കുകയാണ്.
ഉദ്യോഗസ്ഥരും ജനങ്ങളും തമ്മിലുള്ള ബന്ധം ഇവിടെ വഷളായി വരികയാണ്. റവന്യൂ ഭൂമിക്ക് പട്ടയം നൽകി കുടിയിരുത്തിയ ആദിവാസികളുടെയും പരിസരത്തെ കൈവശം കൃഷിക്കാരുടെയും ഭൂമിയിൽ വനംവകുപ്പ് കണ്ണുവെച്ച് ഇടപെടുന്നതാണ് പ്രധാനകാരണം. 20 വർഷം മുൻപ് ആദിവാസികൾക്ക് ഭൂമി നൽകിയതാണെങ്കിലും വനംവകുപ്പിന്റെ തടസ്സങ്ങളിൽ പെട്ട് അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താനാകാതെ വന്നതോടെ ഭൂമികിട്ടിയവരിലൊരു പങ്ക് ഗതികെട്ട് ഭൂമി ഉപേക്ഷിച്ചുപോയി. ഉപേക്ഷിക്കപ്പെട്ട പ്ലോട്ടുകൾ ഭൂമി കിട്ടാത്തവർക്ക് കൊടുക്കാൻ കളക്ടർ ഉത്തരവിറക്കിയിട്ടുണ്ട്. എന്നാൽ ഈ പ്രദേശമാകെ ഉൾപ്പെടുത്തി ആനത്താര പദ്ധതി നടപ്പാക്കിയെടുക്കാൻ ശ്രമിക്കുകയാണ് വനംവകുപ്പ് .
റവന്യൂ ഉദ്യോഗസ്ഥരും ജനങ്ങളുമായും സംഘർഷ സ്ഥിതിവിശേഷം വളർന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം വില്ലേജ് ആഫീസറെ ജനങ്ങൾ സിങ്കുകണ്ടത്ത് തടഞ്ഞു വയ്ക്കുക പോലും ചെയ്തിരുന്നു.
ആദിവാസി കൃഷിഭൂമിയിൽ ആനയുടെ ജഡം കത്തിച്ച സംഭവം ഉദ്യോഗസ്ഥഗർവ്വിന്റെയും മനുഷ്യാവകാശലംഘനങ്ങളുടെയും ഉദാഹരണമായി സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. അന്വേഷണം ആവശ്യപ്പെട്ട് പരാതികൾ നൽകിയിട്ടുണ്ട്.



