കാബൂൾ: അഫ്ഗാനിസ്ഥാനിൽ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഏക നഗരവും തലസ്ഥാനവുമായ കാബൂളിൽ താലിബാൻ പ്രവേശിച്ചു. 15/08/21 ഞായറാഴ്ച ഉച്ചയോടെ നഗരാതിർത്തികളിൽ നിന്ന് ഒരുമിച്ചാണ് താലിബാൻ ഭീകരർ നഗരത്തിലേക്ക് പ്രവേശിക്കുന്നത്. അഫ്ഗാൻ സൈന്യത്തോട് പിൻവാങ്ങാൻ താലിബാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജനങ്ങൾ പലായനം ചെയ്യരുതെന്നും താലിബാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ജനങ്ങൾ തിങ്ങിനിറഞ്ഞ പ്രദേശത്ത് യുദ്ധം ആഗ്രഹിക്കുന്നില്ലെന്നാണ് താലിബാൻ പറയുന്നത്. എന്നാൽ സംഘർഷത്തിന് ശ്രമിക്കരുതെന്ന് സൈന്യം താലിബാനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആയിരക്കണക്കിന് താലിബാൻ ഭീകരരാണ് ആയുധങ്ങളുമായി കാബൂളിലേക്ക് നീങ്ങുന്നത്. എന്തുവിലകൊടുത്തും ഭീകരരെ ചെറുക്കാനുള്ള ശ്രമത്തിലാണ് സൈന്യം.
കാബൂളിന് തൊട്ടടുത്ത തന്ത്ര പ്രധാന നഗരമായ ജലാലാബാദിന്റെ നിയന്ത്രണവും ഭീകരർ ഞായറാഴ്ച പിടിച്ചെടുത്തിരുന്നു. ഇവിടെ ഗവർണർ താലിബാന് കീഴടങ്ങിയതിനാൽ ഏറ്റുമുട്ടാൻ തയ്യാറാകാതെ സൈന്യം പിൻവാങ്ങുകയായിരുന്നു എന്നാണ് റിപ്പോർട്ട്. സൈനിക വാഹനങ്ങളും ആയുധങ്ങളും താലിബാൻ കൈക്കലാക്കുകയും ചെയ്തു.
താലിബാൻ രാജ്യം പൂർണമായും കൈപ്പിടിയിലാക്കുമെന്ന് വ്യക്തമായതോടെ നയതന്ത്ര പ്രതിനിധികളെയും മറ്റും ഒഴിപ്പിക്കാനുളള ശ്രമങ്ങൾ അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങൾ തുടരുകയാണ്. ഇതിനായി വിമാനത്താവളത്തിന്റെ നിയന്ത്രണം നിലനിറുത്തുന്നതിനായി കൂടുതൽ അമേരിക്കൻ സൈനികർ കാബൂളിലെത്തിയിട്ടുണ്ട്. ഞായറാഴ്ച വൈകുന്നേരം ബ്രിട്ടീഷ് അംബാസഡർ രാജ്യം വിടുമെന്നാണ് റിപ്പോർട്ട്.
അതേസമയം, കീഴടക്കിയ പ്രദേശങ്ങളിൽ കാടൻ നിയമങ്ങൾ താലിബാൻ നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്. പുരുഷന്മാർ കൂടെയില്ലാതെ സ്ത്രീകൾ മാർക്കറ്റുകളിൽ പ്രവേശിക്കരുതെന്ന് താലിബാൻ കർശന നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇതു കൂടാതെ കാൽപ്പാദം പുറത്തു കാണുന്ന തരം ചെരിപ്പുകൾ ധരിച്ച് പുറത്തിറങ്ങിയ പെൺകുട്ടികളെ കഴിഞ്ഞദിവസം ഭീകരർ ആക്രമിച്ചു.താഖർ പ്രവിശ്യയിൽ കഴിഞ്ഞ ദിവസം ബൈക്കിൽ യാത്ര ചെയ്ത പെൺകുട്ടികളെയാണ് കാൽപ്പാദം പുറത്തു കാണുന്ന ചെരിപ്പ് ധരിച്ചതിന് താലിബാൻ ആക്രമിച്ചത്. ഇതിനൊപ്പം അധീനതയിലായ പ്രദേശങ്ങളിലെ പെൺകുട്ടികളെ താലിബാൻ ഭീകരർ നിർബന്ധിച്ച് വിവാഹം കഴിക്കുന്നതായും എതിർക്കുന്നവരെ ക്രൂരമായി ഉപദ്രവിക്കുന്നതായും വധിക്കുന്നതായും റിപ്പോർട്ടുണ്ട്.
എന്നാൽ ഇതെല്ലാം പച്ചക്കള്ളമാണെന്നാണ് തലിബാൻ വക്താവ് പറയുന്നത്. ജനങ്ങളെ തങ്ങൾക്കെതിരെ തിരിക്കാനുള്ള സർക്കാർ ശ്രമമാണ് ഇതിന് പിന്നിലെന്നും താലിബാൻ വക്താവ് സുഹൈൽ ഷഹീൻ ട്വീറ്റ് ചെയ്തു.