എം വി ഗോവിന്ദൻ മാസ്റ്ററുടെ ഭാര്യയും ആന്തൂര്‍ നഗരസഭാ മുന്‍ അധ്യക്ഷയുമായ പികെ ശ്യാമളക്കെതിരെ ഫെയ്സ് ബുക്ക് പോസ്റ്റ് ; തളിപ്പറമ്പ് സി പി എമ്മിൽ കൂട്ട നടപടി

കണ്ണൂർ: കണ്ണൂര്‍ തളിപ്പറമ്പ് സിപിഐഎമ്മില്‍ പ്രവര്‍ത്തകര്‍ക്കെതിരെ കൂട്ടത്തോടെ അച്ചടക്ക നടപടി. മന്ത്രി എംവി ഗോവിന്ദന്റെ ഭാര്യയും ആന്തൂര്‍ നഗരസഭാ മുന്‍ അധ്യക്ഷയുമായ പികെ ശ്യാമളക്കെതിരെ ഫെയ്സ്ബുക്കിലൂടെ പ്രതിഷേധിച്ചതിനാണ് നടപടി. 17 സിപിഐഎം പ്രാദേശിക നേതാക്കള്‍ക്കെതിരെയാണ് നടപടി. രണ്ട് പേര്‍ക്ക് സസ്‌പെന്‍ഷനും 15 പേര്‍ക്കും പരസ്യശാസനയും നല്‍കി. വ്യവസായി സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പികെ ശ്യാമളയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെയാണ് നടപടി എടുത്തിരിക്കുന്നത്.

ശ്യാമളക്കെതിരെ നവ മാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടതും അതില്‍ ലൈക്കും കമന്റും ചെയ്തതുമായി ബന്ധപ്പെട്ട പരാതിയിലാണ് നടപടി. സംസ്ഥാന കമ്മിറ്റിയംഗവും എം.എല്‍.എയുമായ എ.എന്‍.ഷംസീര്‍ ചെയര്‍മാനും ജില്ലാ കമ്മിറ്റിയംഗങ്ങളായ എന്‍.ചന്ദ്രന്‍, ടി.ഐ.മധുസൂദനന്‍ എം.എല്‍.എ എന്നിവര്‍ അംഗങ്ങളുമായ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

രണ്ട് ഏരിയ കമ്മിറ്റിയംഗങ്ങള്‍, ആന്തൂര്‍ നഗരസഭയിലെ കഴിഞ്ഞ ഭരണസമിതിയിലെ അംഗങ്ങള്‍, ലോക്കല്‍ കമ്മിറ്റിയംഗങ്ങള്‍, ബ്രാഞ്ച് സെക്രട്ടറിമാര്‍ ഉള്‍പ്പെടെ 17 പേര്‍ക്കെതിരെയാണ് നടപടി. വ്യവസായിയായിരുന്ന സാജന്‍ പാറയില്‍ നാട്ടിലെത്തിയതിനു ശേഷം 15 കോടി മുടക്കി പണിത പാര്‍ത്ഥാസ് കണ്‍വെന്‍ഷന്‍ സെന്ററിന് ആന്തൂര്‍ നഗരസഭ പ്രവര്‍ത്തനാനുമതി നല്‍കാത്തതു മൂലമാണ് സാജന്‍ ആത്മഹത്യ ചെയ്തതെന്ന ആരോപണം ഉയര്‍ന്നിരുന്നു.

സിപിഐഎം അനുകൂലിയായ സാജന്റെ മരണത്തില്‍ പികെ ശ്യാമളയ്‌ക്കെതിരെ നടപടി വേണമെന്ന് പാര്‍ട്ടിയില്‍ നിന്നു തന്നെ ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ പികെ ശ്യാമയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കി പൊലീസ് കേസ് അവസാനിപ്പിച്ചു. കേസില്‍ ആര്‍ക്കെതിരെയും ആത്മഹത്യ പ്രേരണക്കുറ്റം ചുമത്താതെയാണ് അന്വേഷണം അവസാനിപ്പിച്ചത്. സാമ്പത്തിക ബുദ്ധിമുട്ടുകളാണ് സാജന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞത്.

Share
അഭിപ്രായം എഴുതാം