ന്യൂഡൽഹി: കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉള്‍പ്പെടെയുള്ളവരുടെ അക്കൗണ്ട് പുനസ്ഥാപിച്ച് ട്വിറ്റർ. 14/08/21 ശനിയാഴ്ച രാവിലെയാണ് രാഹുലിന്റെ അക്കൗണ്ട് ട്വിറ്റർ തിരിച്ചു നൽകിയത്. ഒരാഴ്ച മുൻപാണ് രാഹുൽഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട് താൽകാലികമായി മരവിപ്പിച്ചത്.
ഡൽഹിയിൽ ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട ഒൻപതുകാരിയുടെ മാതാപിതാക്കളുടെ ദൃശ്യങ്ങൾ പങ്കുവച്ചതിനാണ് അക്കൗണ്ട് മരവിപ്പിച്ചത്.
ബലാത്സംഗത്തിനിരയായവരുടെ മാതാപിതാക്കളുടെ ചിത്രങ്ങള്‍ പങ്കുവെക്കുന്നത് ചട്ടവിരുദ്ധമാണെന്നാണ് ട്വിറ്റർ നല്‍കിയ വിശദീകരണം. രാഹുൽ ഗാന്ധി ട്വിറ്ററിൽ ഉപയോഗിച്ച അതേ ചിത്രം നിരവധി കോൺഗ്രസ് പ്രവർത്തകർ തങ്ങളുടെ പ്രൊഫൈൽ ചിത്രമാക്കി മാറ്റി. ഇതെത്തുടർന്ന് ഈ അക്കൗണ്ടുകളും മരവിപ്പിച്ചിരുന്നു. ദേശീയ ബാലാവകാശ കമ്മീഷന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി എന്നായിരുന്നു ട്വിറ്റർ പ്രതികരണം. പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് വലിയ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് ട്വിറ്ററിന്റെ നടപടി.