കൊച്ചി: കോതമംഗലത്ത് ഡെന്റല്‍ കോളേജ് വിദ്യാർഥിനി മാനസയെ വെടിവച്ച് കൊന്ന രഖിലിന് തോക്ക് നൽകിയയാളെ ബിഹാറിൽ നിന്ന് പൊലീസ് പിടികൂടി. ബിഹാർ മുൻഗർ സ്വദേശി സോനു കുമാർ മോദിയാണ് അറസ്റ്റിലായത്. കോതമംഗലം പൊലീസ് ബിഹാർ പൊലീസിന്റെ സഹായത്തോടെയാണ് സോനുവിനെ പിടികൂടിയത്.
ക്രിമിനൽ പശ്ചാത്തലം ഇല്ലാത്ത രഖിലിനു സ്വന്തം നിലയിൽ ഇത്തരത്തിലുള്ള പിസ്റ്റൾ കൈവശപ്പെടുത്തുക എളുപ്പമല്ലെന്നായിരുന്നു പൊലീസ് നിഗമനം. പണം കൊടുത്താലും കേരളത്തിൽ തോക്കു ലഭിക്കുക എളുപ്പമുള്ള കാര്യവുമല്ല. രഖിൽ സുഹൃത്തിനൊപ്പം ബിഹാറിൽ പോയിരുന്നുവെന്നും കഴിഞ്ഞ 12 മുതൽ 20 വരെ അവിടെ വിവിധ സ്ഥലങ്ങളിൽ താമസിച്ചിരുന്നുവെന്നും സൈബർ സെല്ലിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ജൂലൈ 30നാണ് കേരളത്തെ നടുക്കിയ കൊലപാതകമുണ്ടായത്. കോതമംഗലം നെല്ലിക്കുഴിയിലെ ഇന്ദിരാഗാന്ധി ഡെന്റല്‍ കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ഥിനിയായ മാനസയെ കണ്ണൂര്‍ സ്വദേശിയെ രഖില്‍ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം രഖിലും സ്വയം ജീവനൊടുക്കി. മാനസ താമസിച്ച ഹോസ്റ്റലില്‍ അതിക്രമിച്ചു കയറിയാണ് രഖില്‍ വെടിയുതിര്‍ത്തത്.