വണ്ടിപ്പെരിയാര്‍ ബലാത്സംഗ കേസിലെ പ്രതി എതുപാര്‍ട്ടിക്കാരനെന്ന്‌ വെളിവായിട്ടില്ലെന്ന്‌ മുഖ്യമന്ത്രി

തിരുവനന്തപുരം : ഇടുക്കി വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയെ ബലാത്സംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക്‌ ഏതെങ്കിലും രാഷ്ട്രീയ സംഘടനയുമായി ബന്ധമുളളതായി വെളിവായിട്ടില്ലെന്ന്‌ മുഖ്യ മന്ത്രി നിയമ സഭയില്‍. പികെ ബഷീര്‍, നജീബ് കാന്തപുരം എന്നിവരുടെ ചോദ്യങ്ങള്‍ക്കുളള മറുപടിയിലാണ്‌ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്‌.

കേസില്‍ അറസ്റ്റിലായ പ്രതി അര്‍ജുന്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണെന്നും, കേസ്‌ അന്വേഷണത്തിലാണെന്നും സംഭവത്തിലെ അന്വേഷണത്തെ ക്കുറിച്ചുളള ചോദ്യത്തിന്‌ അദ്ദേഹം മറുപടി പറഞ്ഞു. കേസിലെ പ്രതിയെ ആരെങ്കിലും സഹായിക്കുകയോ തെളിവ്‌ നശിപ്പിക്കുകയോ ചെയ്‌തതായി നാളിതുവരെ നടത്തിയ അന്വേഷണത്തില്‍ വെളിവായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ അറസ്റ്റിലായ അര്‍ജുന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണെന്ന്‌ ആരോപണം നിലനില്‍ക്കവെയാണ്‌ മുഖ്യമന്ത്രിയുടെ പ്രതികരണം.

2021 ജൂണ്‍ 30നാണ്‌ എസ്റ്റേറ്റിലെ മുറിക്കുളളില്‍ വാഴക്കുല കെട്ടിയിടുന്ന കയറില്‍ ഷാളുപയോഗിച്ച്‌ കുട്ടിയെ അര്‍ജുന്‍ ലൈംഗിക പീഡനത്തിനുശേഷം കെട്ടിത്തൂക്കിയത്‌. അസ്വാഭാവിക മരണത്തിന്‌ അന്നുതന്നെ കേസെടുത്തിരുന്നു. പോസറ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ്‌ പീഡന വിവരം അറിയുന്നത്‌. 2019മുതല്‍ അര്‍ജുന്‍ ആറുവയസുകാരിയെ ലൈംഗികമായി ഉപയോഗിച്ചുവരികയാണെന്നാണ്‌ പോലീസിന്‌ ലഭിച്ച മൊഴി. കുട്ടിയുടെ വീട്ടുകാരുമായുളള അടുത്ത ബന്ധം ഇയാള്‍ ചൂഷണം ചെയ്യുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →