ഇടുക്കി: ഇടുക്കി നിയോജക മണ്ഡലം ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മിക്കുന്ന ചെറുതോണി ബസ് സ്റ്റാന്‍ഡിന്റെ രണ്ടാം ഘട്ട നിര്‍മാണ ഉദ്ഘാടനവും ശിലാസ്ഥാപനവും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നിര്‍വഹിച്ചു. ചെറുതോണി ടൗണിന്റെ വികസനത്തിനായുള്ള മുഖ്യഘടകമാണ് ബസ് സ്റ്റാന്‍ഡ്.
ജില്ലാ പഞ്ചായത്ത് വിഭാവനം ചെയ്ത മാതൃക നല്ല രീതിയില്‍ നടപ്പിലാക്കണം. അതേ പോലെ തന്നെ മെഡിക്കല്‍ കോളേജിലേക്കുള്ള ഗതാഗതം പ്രധാന റോഡ് വഴി ഉപയോഗിക്കാതെ സ്റ്റാന്‍ഡില്‍ നിന്നും പ്രത്യേക പാതയിലൂടെ പോകാനുള്ള സൗകര്യം ഒരുക്കും. സ്റ്റാന്‍ഡിനും പ്രധാന റോഡിനും ഇടയിലൂടെ ഒഴുകുന്ന തോടിന്റെ ഇരുവശവും കെട്ടി നവീകരിച്ചു പാര്‍ക്കിങ്ങിനും മറ്റുമുള്ള സൗകര്യം ഒരുക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ പരിപാടിയില്‍ ജില്ലയുടെ വികസനത്തിനും പുരോഗതിയ്ക്കും ജില്ലാ പഞ്ചായത്ത് കാണിക്കുന്ന നിലപാടിനെ മന്ത്രി അഭിനന്ദിച്ചു.
പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് പരിപാടിയ്ക്ക് അധ്യക്ഷത വഹിച്ചു.ആദ്യം അനുവദിച്ച 50 ലക്ഷത്തിന് പുറമെ കൂടുതല്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനാണ് കൂടുതലായി 50 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്. കൂടാതെ ജില്ലാ പഞ്ചായത്തിന്റെ 2 കോടിയുടെ ഷോപ്പിംഗ് കോംപ്ലക്സും ഇവിടെ പണിയുന്നുണ്ട്.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ഡിവിഷന് മെമ്പര്‍ കെജി സത്യന്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഡിറ്റാജ് ജോസഫ്, പഞ്ചായത്ത് സെക്രട്ടറി ബി അനില്‍ കുമാര്‍, തുടങ്ങി വിവിധ രാഷ്ട്രീയ സാമൂഹിക നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.