ആലപ്പുഴ: ആലപ്പുഴ- ചങ്ങനാശ്ശേരി റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികളുടെ ഭാഗമായി കളർകോട്, പൊങ്ങ എന്നീ രണ്ട് പാലങ്ങൾ ഓഗസ്റ്റ് ഒന്ന് മുതൽ പൊളിച്ച് പണിയുന്നു. 70 ദിവസം കൊണ്ട് പുതിയ പാലങ്ങൾ പൂർത്തിയാക്കും. ഈ പാലങ്ങളിലൂടെയുള്ള തദ്ദേശവാസികളുടെ വലിയ വാഹനങ്ങളുടെ ഗതാഗതം പൂർണ്ണമായി നിരോധിച്ചു. തദ്ദേശത്തുള്ള വലിയ വാഹനങ്ങൾക്ക് പെരുന്ന ഭാഗത്ത് നിന്നും പൊങ്ങ പാലത്തിന്റെ കിഴക്കു ഭാഗം വരെയും ആലപ്പുഴ ഭാഗത്ത് നിന്നും കളർകോട് പാലത്തിന്റെ പടിഞ്ഞാറ് ഭാഗം വരെയും മാത്രമേ എത്തിച്ചേരാൻ സാധിക്കൂ. ചെറിയ പ്രാദേശിക വാഹനങ്ങളും മിനി ആംബുലൻസും പോകാൻ സാധിക്കുന്ന തരത്തിൽ പൊളിക്കുന്ന പാലത്തിനു സമീപം ഡൈവേർഷൻ റോഡ് ഉണ്ടായിരിക്കുന്നതാണ്. പൊളിക്കുന്ന രണ്ട് പാലങ്ങളുടെ ഇടയ്ക്കുള്ള ഭാഗത്തേയ്ക്ക് പ്രവേശിക്കുന്നതിനായി കൈനകരി ഭാഗത്ത് എ.സി. റോഡിൽ എത്തുന്ന റോഡ് മാർഗ്ഗം സ്വീകരിക്കാവുന്നതാണെന്ന് കെ.എസ്.ടി.പി കൊട്ടാരക്കര എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു.