പത്തനംതിട്ട: പഠനം കഴിഞ്ഞ് പുറത്തിറങ്ങുന്ന പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്കു തൊഴില്‍ ലഭിക്കുന്നതിനു വേണ്ട എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കുമെന്നു പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ പറഞ്ഞു. അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ നിയമസഭയില്‍ ഉന്നയിച്ച സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട കോഴ്‌സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കു ജോലി സംബന്ധമായ മാര്‍ഗനിര്‍ദേശം നല്‍കാന്‍ ഇപ്പോള്‍ ആരുമില്ല എന്ന കാര്യം എംഎല്‍എ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു. കോഴ്‌സ് കഴിഞ്ഞ് ഏതു തൊഴില്‍ ആണ് ചെയ്യേണ്ടത്, തൊഴിലിനു വേണ്ടി ആരെയാണു സമീപിക്കേണ്ടത് അതല്ലെങ്കില്‍ വിദേശത്ത് പോകാന്‍ എന്തൊക്കെ നടപടികളാണു സ്വീകരിക്കേണ്ടത് ഇതെല്ലാം സംബന്ധിച്ച് ഇവരെ ബോധവാന്മാരാക്കാന്‍ സര്‍ക്കാര്‍തന്നെ ഇടപെട്ട് നടപടി സ്വീകരിക്കണമെന്നാണ് എംഎല്‍എ ആവശ്യപ്പെട്ടത്.