എറണാകുളം: കോതമംഗലത്ത് വിദ്യാര്‍ത്ഥിനിയെ സുഹൃത്ത് വെടിവെച്ചു കൊന്നു. ഡെന്റൽ കോളേജ് വിദ്യാർത്ഥിനിയായ മാനസ മാധവനെയാണ് സുഹൃത്ത് രാഗിന്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. ഇയാളും പിന്നീട് ആത്മഹത്യ ചെയ്തു. ഹൗസ് സര്‍ജനായ മാനസ കണ്ണൂര്‍ നാറാത്ത് സ്വദേശിയാണ്. രാഗിനും കണ്ണൂര്‍ ജില്ലക്കാരനാണ്. കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്നു മാനസ.
30/07/21 വെളളിയാഴ്ച വൈകിട്ട് കോളേജിന് സമീപത്ത് വെച്ചായിരുന്നു സംഭവം. മാനസ താമസിക്കുന്ന സ്ഥലത്ത് എത്തിയ യുവാവ് വെടിയുതിര്‍ക്കുകയായിരുന്നു. മനസയുടെ മരണം ഉറപ്പ് വരുത്തിയ രാഗിനും വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തു. മൃതദേഹങ്ങൾ കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. പൊലീസ് സംഭവ സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.
മാനസ ഏതാനും സുഹൃത്തുക്കള്‍ക്കൊപ്പം ഒരുമിച്ച് താമസിക്കുന്ന വാടകവീട്ടില്‍ അതിക്രമിച്ച് കയറിയായിരുന്നു രാഗിന്‍ വെടിവെച്ചത്. കൂട്ടുകാരികള്‍ക്കൊപ്പം ഭക്ഷണം കഴിക്കുമ്പോഴായിരുന്നു രാഗിന്‍ വീട്ടിലേക്ക് എത്തിയത്. നീയെന്തിന് ഇവിടെ വന്നുവെന്ന് മാനസ ചോദിച്ചപ്പോൾ രാഗിൻ പെൺകുട്ടിയെ ബലമായി അടുത്ത മുറിയിലേക്ക് പിടിച്ചുകൊണ്ടുപോയി വെടിവെക്കുകയായിരുന്നു.
മാനസയുടെ ചെവിക്ക് പുറകിലാണ് വെടിയേറ്റത്. ആളുകള്‍ മുറി തുറന്ന് അകത്ത് കടന്നപ്പോള്‍ മാനസയ്ക്ക് ജീവനുണ്ടായിരുന്നു. ഇവരെ വേഗം ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാനനസികയെ കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ തന്നെയാണ് ഇയാള്‍ കോതമംഗലത്ത് എത്തിയതെന്നാണ് വിവരം.