ശ്രീനഗര്‍: ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ മേഘവിസ്ഫോടനത്തിലും തുടര്‍ന്നുണ്ടായ കനത്ത വെള്ളപ്പൊക്കത്തിലും അഞ്ച് മരണം. 40 ഓളം പേരെ കാണാതായതായി. ജില്ലയിലെ വിദൂരഗ്രാമത്തില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു ദുരന്തം. വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് കുറഞ്ഞത് എട്ട് വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. ഡച്ചന്‍ തഹ്സിലിലെ ഹോന്‍സാര്‍ ഗ്രാമത്തിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ തിരിച്ചിട്ടുണ്ട്. അപകടം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു. ആവശ്യമെങ്കിലും പരിക്കേറ്റവരെ രക്ഷപ്പെടുത്താന്‍ വ്യോമസേനയുടെ സഹായം തേടിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ് പറഞ്ഞു. കഴിഞ്ഞ കുറച്ചുദിവസമായി ജമ്മു മേഖലയിലെ മിക്ക പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. ഈ മാസം അവസാനം വരെ കൂടുതല്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു. ജലാശയങ്ങളുടെയും വെള്ളപ്പൊക്ക സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവരോട് ജാഗ്രത പാലിക്കണമെന്ന് കിഷ്ത്വാറിലെ അധികാരികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കശ്മീരില്‍ മേഘവിസ്ഫോടനം: അഞ്ച് മരണം, 40 ഓളം പേരെ കാണാതായി
