പാലക്കാട്: കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് രമ്യ ഹരിദാസ് എംപിയ്‌ക്കൊപ്പം ഹോട്ടലില്‍ കയറിയ സംഭവവുമായി ബന്ധപ്പെട്ട് തൃത്താല മുന്‍ എംഎല്‍എ വിടി ബല്‍റാം ഉള്‍പ്പെടെ ആറ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്. കൊവിഡ്’ പ്രതിരോധത്തിനായുള്ള വാരാന്ത്യ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചത് ചോദ്യം ചെയ്തപ്പോള്‍ കൈയ്യേറ്റം ചെയ്‌തെന്ന് കാട്ടിയാണ് കേസ്.
കൈയ്യേറ്റം, ഭീഷണി എന്നീ വകുപ്പുകള്‍ ചുമത്തിയാണ് യുവാവിന്റെ പരാതിയില്‍ കേസെടുത്തിരിക്കുന്നത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം പാലക്കാട് കസബ പൊലീസ് കേസെടുക്കുകയായിരുന്നു.
തനിക്കെതിരെ നേതാക്കള്‍ വധഭീഷണി മുഴക്കിയെന്നായിരുന്നു യുവാക്കളുടെ പരാതി. യുവാവ് നല്‍കിയ പരാതി വ്യാജമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം.
അതേസമയം യുവാവിൻറെ കൈ തൻറെ ദേഹത്ത് തട്ടിയെന്ന് രമ്യ ഹരിദാസ് എംപി ആരോപണം ഉന്നയിച്ചു എങ്കിലും, ഇതിൽ പരാതി ലഭിച്ചിട്ടില്ലെന്ന് കസബ പൊലീസ് പറഞ്ഞു. നേരത്തെ ഹോട്ടൽ ഉടമയ്ക്കെതിരെ കേസെടുത്ത പോലീസ് കൊറോണ മാനദണ്ഡം ലംഘിച്ചതിന് പിഴ ചുമത്തിയിരുന്നു.