തിരുവനന്തപുരം: പട്ടികജാതി വിഭാഗക്കാരുടെ വികസന ഫണ്ട് തട്ടിയെടുത്ത ഉദ്യോഗസ്ഥരിൽ നിന്ന് തുക തിരിച്ചുപിടിക്കുന്നതിനും മുഴുവൻ തുകയും അടിയന്തരമായി കണ്ടെടുക്കാനും പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷൻ ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി. തിരുവനന്തപുരം കോർപറേഷനിലെ പട്ടികജാതി വികസന ഓഫീസിലെ ഫണ്ട് തിരിമറിയിൽ കമ്മീഷൻ നേരത്തെ കേസ് എടുക്കുകയും തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിർദ്ദേശം നൽകിയത്. തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നിയമപ്രകാരവും പട്ടികജാതി പട്ടികവർഗ അതിക്രമ നിയമപ്രകാരവും നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
പദ്ധതി ആനുകൂല്യം ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യുന്നതിന് ഓഫീസ് മേധാവിക്ക് മാത്രം അനുമതി നൽകാനും നിർദ്ദേശമുണ്ട്. കുറഞ്ഞത് കഴിഞ്ഞ അഞ്ച് വർഷത്തെ ആനുകൂല്യ വിതരണം സംബന്ധിച്ച് ഗുണഭോക്താക്കളിൽ നിന്ന് നേരിട്ട് പരിശോധിക്കണം. ഇതിനായി ഉന്നത ഉദ്യോഗസ്ഥരുടെ ടീമിനെ നിയോഗിക്കാനും മൂന്നു മാസത്തിൽ അന്വേഷണം പൂർത്തിയാക്കാനും വകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടു.