റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ വില്ലേജ് ഓഫിസുകള്‍ ഏകീകൃത രൂപത്തില്‍ സ്മാര്‍ട്ടാക്കും: മന്ത്രി കെ. രാജന്‍

July 23, 2021 - 7:27 pm

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫിസുകളും ഏകീകൃത രൂപത്തില്‍ സ്മാര്‍ട്ട് ഓഫിസുകളാക്കുമെന്നു റവന്യൂ മന്ത്രി കെ. രാജന്‍. ജനത്തിരക്കില്ലാത്തതും പരമാവധി സേവനങ്ങള്‍ വീട്ടിലിരുന്നുതന്നെ ഇ-സേവനങ്ങളായി ലഭ്യമാക്കാന്‍ കഴിയുന്നതുമായ സൗകര്യങ്ങളാകും ഈ വില്ലേജ് ഓഫിസുകളില്‍ ഒരുക്കുകയെന്നും അദ്ദേഹം പറഞ്ഞു. റവന്യൂ വകുപ്പിന്റെ വിഷന്‍ ആന്‍ഡ് മിഷന്‍ പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ എം.എല്‍.എമാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വില്ലേജ് ഓഫിസുകളുടെ മുഖച്ഛായ മാറ്റുന്നതിനുള്ള വിശദ പദ്ധതി റവന്യൂ വകുപ്പ് തയാറാക്കുകയാണെന്നു മന്ത്രി ചൂണ്ടിക്കാട്ടി. വില്ലേജ് ഓഫിസുകളില്‍ പൊതുവായുണ്ടാകേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ എല്ലായിടത്തും സജ്ജമാക്കും. വില്ലേജ് ഓഫിസറുടെ മുറി, റെക്കോഡ് റൂം, മറ്റു ജീവനക്കാരുടെ സൗകര്യങ്ങള്‍ തുടങ്ങിയവയ്ക്ക് ഏകീകൃത രൂപം തയാറായിവരികയാണ്. വില്ലേജ് ഓഫിസുകള്‍ക്ക് ഏകീകൃത നിറം നല്‍കുന്നതിനും ഉദ്ദേശിക്കുന്നുണ്ട്. ഇനിമുതല്‍ നിര്‍മിക്കുന്ന എല്ലാ വില്ലേജ് ഓഫിസുകളും ഈ മാതൃകയിലാകും പൂര്‍ത്തിയാക്കുകയെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ 175 വില്ലേജ് ഓഫിസുകള്‍ ഉടന്‍ നവീകരിക്കുന്നതു സംബന്ധിച്ചു പൊതുമരാമത്ത് വകുപ്പുമായും സംസ്ഥാന നിര്‍മിതി കേന്ദ്രവുമായും സംസാരിച്ചിട്ടുണ്ട്. അറ്റകുറ്റപ്പണി നടത്തേണ്ടവ സമയബന്ധിതമായി പൂര്‍ത്തിയാക്കും. തിരുവനന്തപുരം ജില്ലയില്‍ 15 സ്മാര്‍ട്ട് വില്ലേജ് ഓഫിസുകളാണുള്ളത്. 49 എണ്ണത്തിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കാനിരിക്കുകയാണ്. 38 എണ്ണം അറ്റകുറ്റപ്പണി നടത്തി സ്മാര്‍ട്ട് ഓഫിസുകളാക്കി മാറ്റാനാകും. 19 ഇടത്തു പുതിയ കെട്ടിടം നിര്‍മിക്കേണ്ടതുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വില്ലേജ് ഓഫിസുകള്‍ക്കു സ്ഥലലഭ്യത ഉറപ്പാക്കുന്നതിനും എം.എല്‍.എ ഫണ്ടും ജനങ്ങളുടെ സഹകരണവും ഉറപ്പാക്കി നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനും എം.എല്‍.എമാര്‍ പ്രത്യേക ശ്രദ്ധവയ്ക്കണമെന്നു മന്ത്രി പറഞ്ഞു. ചാത്തന്നൂര്‍ മണ്ഡലത്തില്‍ വില്ലേജ് ഓഫിസുകള്‍ സ്മാര്‍ട്ട് ഓഫിസുകളാക്കി നവീകരിച്ച രീതി ഇക്കാര്യത്തില്‍ മാതൃകയാക്കാവുന്നതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ജില്ലയില്‍ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ എം.എല്‍.എമാര്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. വില്ലേജ് ഓഫിസ് നവീകരണം അടക്കമുള്ള കാര്യങ്ങളില്‍ പൂര്‍ണ പിന്തുണയും എം.എല്‍.എമാര്‍ വാഗ്ദാനം ചെയ്തു. ഐ.എല്‍.ഡി.എമ്മില്‍ നടന്ന യോഗത്തില്‍ എം.എല്‍.എമാരായ വി. ജോയി, ഒ.എസ്. അംബിക, ഡി.കെ. മുരളി, വി.കെ. പ്രശാന്ത്, ജി. സ്റ്റീഫന്‍, സി.കെ. ഹരീന്ദ്രന്‍, ഐ.ബി. സതീഷ്, എം. വിന്‍സന്റ്, കെ. ആന്‍സലന്‍, റവന്യൂ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ കെ. ബിജു, ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ റവന്യൂ, ഭവന നിര്‍മാണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *