കൊല്ലം: മന്ത്രി എകെ ശശീന്ദ്രന്‍ കേസൊതുക്കാക്കാന്‍ ഇടപെട്ടന്ന് ആരോപണമുയര്‍ന്ന കുണ്ടറയിലെ പീഡന പരാതിയില്‍ ആരോപണവിധേയനായ എന്‍സിപി നേതാവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. തനിക്കെതിരെ നടന്നത് രാഷ്ട്രീയ ഗൂഢാലോചനയാണ് എന്ന് ആരോപിച്ചാണ് എന്‍സിപി സംസ്ഥാന നിര്‍വാഹക സമിതി അംഗം പത്മാകരന്‍ 22/07/21 വ്യാഴാഴ്ച മുഖ്യമന്ത്രിക്ക് ഇ-മെയില്‍ വഴി പരാതി നല്‍കിയത്. യുവതിയുടെ പരാതിയുടെ പശ്ചാത്തലത്തില്‍ ആരോപണ വിധേയനായ പത്മാകരനുള്‍പ്പെടെ മൂന്ന് പേരെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെയാണ് ഇയാള്‍ മുഖ്യമന്ത്രിയെ സമീപിച്ചത്.
കേസില്‍ നിരപരാധിത്വം തെളിയിക്കാന്‍ തയാറാണ്. പരാതിക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം. നിരപരാധിത്വം തെളിയിക്കാന്‍ നാര്‍ക്കോ അനാലിസിസ്, ബ്രെയിന്‍ മാപ്പിങ്, പോളിഗ്രാഫ് തുടങ്ങി ഏതു പരിശോധനയ്ക്കും തയ്യാറാണെന്നും പത്മാകരന്‍ പറയുന്നു. പരാതിക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നു. ക്രിമിനല്‍ ഗൂഢാലോചന അന്വേഷിക്കണമെന്നും പത്മാകരന്‍ പരാതിയില്‍ പറയുന്നു. പരാതിക്കാരിക്ക് എതിരെയും പത്മാകരന്‍ കത്തില്‍ ആരോപണം ഉന്നയിക്കുന്നുണ്ട്. പരാതിക്കാരിയെ ഒരിക്കല്‍ പോലും നേരില്‍ കണ്ടിട്ടില്ല. വിരോധം ഉള്ളവര്‍ക്കെതിരെ പരാതിക്കാരി സമാനപരാതി മുന്‍പും നല്‍കിയിട്ടുണ്ടെന്നും പത്മാകരന്‍ പരാതിയില്‍ പറയുന്നു.
കൊല്ലത്തെ പ്രാദേശിക എന്‍സിപി നേതാവിന്റെ മകളാണ് പത്മാകരനെതിരെ പരാതി നല്‍കിയത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു പരാതിക്കാരിയായ യുവതി. പ്രചാരണത്തിനിടെ യുവതിയെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി പത്മാകരന്‍ കൈയില്‍ കടന്നു പിടിച്ചെന്നാണ് പരാതി. അന്നു തന്നെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കയ്യില്‍ കടന്നുപിടിച്ചെന്ന പരാതിക്ക് പുറമെ യുവതിയുടെ പേരില്‍ ഫെയ്ക്ക് ഐഡിയുണ്ടാക്കി മോശം പ്രചാരണം നടത്തിയെന്നും ആക്ഷേപം ഉണ്ട്.