കോഴിക്കോട്: മധുരം മാതൃത്വം ‘നമ്മള്‍ ബേപ്പൂർ’ ഏറ്റെടുക്കുന്നു

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്‍ ബേപ്പൂര്‍ സോണിലെ വാര്‍ഡ് കൗണ്‍സിലര്‍മാരും ബേപ്പൂര്‍ കുടുംബാരോഗ്യ കേന്ദ്രവും ചേര്‍ന്ന് നടപ്പിലാക്കിയ ‘മധുരം മാതൃത്വം’ എന്ന പദ്ധതി ‘നമ്മള്‍ ബേപ്പൂര്‍’ ഏറ്റെടുക്കുമെന്ന് മന്ത്രി പി.എ.മുഹ്മദ് റിയാസ് അറിയിച്ചു. ബേപ്പൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിൽ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗര്‍ഭിണികള്‍ക്ക് കോവിഡ് വാക്സിനേഷന്‍ നൽകാൻ ആരോഗ്യവകുപ്പ് ആവിഷ്കരിച്ച ‘മാതൃകവചം’ പദ്ധതി പ്രകാരം വാക്സിനേഷന് എത്തുന്ന ഗർഭിണികളിൽ നിന്നും അർഹരായവരെ കണ്ടെത്തി അവര്‍ക്ക് ഒരു കിറ്റ് നല്‍കുന്ന പദ്ധതിയാണ് ‘മധുരം മാതൃത്വം’.  തുണികള്‍, വസ്ത്രങ്ങള്‍, ഫ്ളാസ്ക്, പ്ലാസ്റ്റിക് ബക്കറ്റ്, ടൂത്ത് പേസ്റ്റ്, ബ്രഷ് തുടങ്ങി ഒരു ഗര്‍ഭിണിക്ക് ആശുപത്രിയിലേക്ക് ആവശ്യമായ 13 ഇനം സാധനങ്ങളാണ് കിറ്റിലുള്ളത്. ബേപ്പൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍  ഗര്‍ഭിണികള്‍ക്കായുള്ള വാക്സിനേഷന് വരുന്നവരിൽ ഗർഭാവസ്ഥ ആറു മാസം പിന്നിട്ടതും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതുമായവരെയാണ്  പദ്ധതിയിൽ ഉൾപ്പെടുത്തുക.  

‘മധുരം മാതൃത്വം’ എന്ന ആശയം മുന്നോട്ട് വെച്ച ബേപ്പൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവര്‍ത്തകരെയും കേര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരെയും മന്ത്രി അഭിനന്ദിച്ചു.  ഉദ്ഘാടന ചടങ്ങില്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ.ബീന ഫിലിപ്പ്, ഡോ.ജയശ്രീ, കൃഷ്ണകുമാരി, ഡോ. ദീപ, അജയ്കുമാര്‍, കോര്‍പ്പറേഷനിലെ കൗണ്‍സിലര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം