കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; സൂപ്പർ മാർക്കറ്റിലും, കുറി നടത്തിപ്പിലും കോടികളുടെ തിരിമറി

തൃശ്ശൂര്‍: തൃശ്ശൂർ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ വായ്പ തട്ടിപ്പിന് പുറമെ മറ്റ് മേഖലയിലും ക്രമക്കേട് എന്ന് രേഖകള്‍. ബാങ്കിന് കീഴിലെ മൂന്ന് സൂപ്പര്‍മാര്‍ക്കറ്റുകളിലെ സ്റ്റോക്കെടുപ്പിലും കുറി നടത്തിപ്പിലും വെട്ടിപ്പ് നടന്നെന്നാണ് പുതിയ റിപ്പോര്‍ട്ട്. ബാങ്കിന്റെ കീഴില്‍ വരുന്ന മൂന്ന് സൂപ്പര്‍മാര്‍ക്കറ്റുകളിലെ സ്റ്റോക്കെടുപ്പില്‍ വ്യാപകമായ തിരിമറികള്‍ നടന്നു എന്നാണ് ആരോപണം. സൂപ്പര്‍മാര്‍ക്കറ്റിലേക്ക് സാധനങ്ങള്‍ വാങ്ങിയതില്‍ ഒരുവര്‍ഷത്തെ കണക്കുകള്‍ പ്രകാരം മാത്രം ഒന്നരക്കോടി രൂപയിലധികം കുറവുണ്ടെന്നാണ് കണ്ടെത്തല്‍.

സഹകരണ സംഘത്തിന് കീഴിലെ മാപ്രാണം, കരുവന്നൂര്‍, മൂര്‍ഖനാട് സൂപ്പര്‍ മാര്‍ക്കറ്റുകളെ സ്റ്റോക്കെടുപ്പിലാണ് തിരിമറി നടന്നത്. 2020 ല്‍ മാത്രം 1കോടി 69 ലക്ഷം രൂപ തട്ടിയതായാണ് ഓഡിറ്റ് റിപ്പോര്‍ട്ട്. ബാങ്കിലെ കുറി നടത്തിപ്പില്‍ അന്‍പത് കോടി രൂപയുടെ തിരിമറി നടന്നു എന്നുമാണ് പുറത്ത് വരുന്ന വിവരം. മാസ തവണ നിക്ഷേപ പദ്ധതിയില്‍ എല്ലാ ടോക്കണുകളും ഒരാള്‍ക്ക് തന്നെ നല്‍കിയാണ് തട്ടിപ്പ് നടത്തിയത്.

അനില്‍ എന്ന പേരിലറിയപ്പെടുന്ന സുഭാഷ് ഒരു കുറിയിലെ 50 ടിക്കറ്റുകള്‍ ഏറ്റെടുത്തു. ഇതില്‍ പകുതിയോളം വിളിച്ചെടുക്കുകയും, മറ്റുള്ളവ ഈട് വച്ച് വായ്പ എടുക്കുകയുമാണ് ചെയ്തത്. പല പേരുകളില്‍ ബിനാമി ഇടപാടുകള്‍ നടന്നതായും കണ്ടെത്തിയിട്ടുണ്ട്. കുറി നടത്തിപ്പില്‍ 50 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നതായി സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സഹകരണ ബാങ്കിലെ ഭൂരിഭാഗം മാസ തവണ നിക്ഷേപ പദ്ധതികളിലും ഇതേ രീതിയിലുള്ള ക്രമക്കേട് നടന്നതായും ജോയിന്റ് രജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

തൃശ്ശൂര്‍ കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് നിലവില്‍ സിപിഐഎം നിയന്ത്രണത്തിലാണ്. ബാങ്കില്‍ നിന്നും 2014 മുതല്‍ 2020 വരെയുള്ള കാലയളവില്‍ നൂറു കോടി രൂപയുടെ തട്ടിപ്പു നടന്നതായി കഴിഞ്ഞദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സംഭവത്തില്‍ മുന്‍ ഭരണസമിതി അംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കുമെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബാങ്കില്‍ നിന്ന് വായ്പയെടുത്ത് കൃത്യമായി തിരിച്ചടച്ചിരുന്ന പലര്‍ക്കും ജപ്തി നോട്ടീസ് വന്നതോടെയാണ് തട്ടിപ്പ് പുറത്തായത്.

Share
അഭിപ്രായം എഴുതാം