കുടിശ്ശികയുടെ പേരില്‍ ജിസിഡിഎ അധികൃതര്‍ അടച്ചുപൂട്ടിയ വീട്ടമ്മയുടെ കട തുറക്കാൻ സഹായവുമായി എംഎ യൂസഫലി

കൊച്ചി: കൊച്ചി മറൈന്‍ഡ്രൈവില്‍ വീട്ടമ്മ നടത്തിയിരുന്ന കട വാടക കുടിശ്ശികയുടെ പേരില്‍ ജിസിഡിഎ അധികൃതര്‍ അടച്ചുപൂട്ടിയ സംഭവത്തില്‍ ഇടപെടലുമായി പ്രമുഖ വ്യവസായി എംഎ യൂസഫലി. പ്രസന്ന നല്‍കാനുള്ള വാടക കുടിശിക മുഴുവന്‍ തിങ്കളാഴ്ച തന്നെ ലുലു ഗ്രൂപ്പ് അടച്ചുതീര്‍ക്കുമെന്ന് യൂസഫലി അറിയിച്ചു. വാടക ഇനത്തില്‍ 60 മാസത്തെ കുടിശികയായി ഒമ്പത് ലക്ഷം നല്‍കാനുണ്ടെന്ന് കാണിച്ചായിരുന്നു കഴിഞ്ഞദിവസം ജിസിഡിഎ വീട്ടമ്മയുടെ കട അടച്ചൂപൂട്ടിയത്. തുടര്‍ന്ന് കഴിഞ്ഞ നാലു ദിവസം ഇവര്‍ കടയ്ക്ക് മുന്നില്‍ പ്രതിഷേധത്തിലായിരുന്നു.

അതേസമയം, എത്രമാസത്തെ കുടിശിക നല്‍കാനുണ്ടെന്ന് തന്നെ അറിയിച്ചിരുന്നില്ലെന്നും കടയ്ക്ക് മുന്നില്‍ നോട്ടീസ് കണ്ടപ്പോഴാണ് താന്‍ വിവരമറിയുന്നതെന്നും പ്രസന്ന റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. എറണാകുളം താന്തോന്നി സ്വദേശിയായ പ്രസന്നയുടെ ഏക വരുമാനമാനമായിരുന്ന കട ഓട്ടിസം ബാധിതയായ മകളുടെ ചികിത്സയ്ക്കടക്കം ആശ്രയമായിരുന്നു. ഈ പശ്ചാത്തലത്തില്‍ കൊവിഡ് സാഹചര്യം കണക്കാക്കാതെയുള്ള ജിസിഡിഐ നടപടി വിവാദമാകുകയാണ്.

2015-ല്‍ ഹൈക്കോടതി ഉത്തരവ് പ്രകാരമായിരുന്നു തറവാടക ഈടാക്കി മറൈന്‍ഡ്രവില്‍ കട തുടങ്ങാന്‍ പ്രസന്നയ്ക്ക് അനുമതി ലഭിച്ചത്. മൂന്ന് ലക്ഷം വായ്പയെടുത്ത് കട ആരംഭിക്കുകയും ചെയ്തു. പ്രതിമാസം 13800 രൂപയോളമാണ് ഇപ്പോള്‍ പ്രസന്ന നല്‍കുന്നത്. എന്നാല്‍ കടയുടെ പ്രവര്‍ത്തനം ആരംഭിച്ചതിന് പിന്നാലെ ഉണ്ടായ രണ്ട് പ്രളയങ്ങളും ലോക്ഡൗണും മറൈന്‍ഡ്രൈവിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഇടയില്‍ തുടര്‍ച്ചയായി കട തുറന്നുപ്രവര്‍ത്തിക്കാന്‍ പ്രസന്നയ്ക്ക് കഴിഞ്ഞില്ലായിരുന്നു. ഇതോടെ വാടക തുടര്‍ച്ചയായി മുടങ്ങുകയായിരുന്നു.

എന്നാല്‍ 2015 മുതല്‍തന്നെ വാടക അടക്കുന്നതില്‍ വീഴ്ച വരുത്തുന്നുവെന്നും പല തവണ നോട്ടീസ് നല്‍കിയതിനു ശേഷമാണ് നടപടി എടുത്തതെന്നുമാണ് ജിസിഡിഎയുടെ വിശദീകരണം. സംഭവത്തില്‍ എറണാകുളം എംഎല്‍എ ടി ജെ വിനോദ് ഇടപെടുകയും ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ ഇളവ് അനുവദിക്കുന്നതിന് തദ്ദേശ ഭരണ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു. ഇതിനിടെയാണ് യൂസഫലി വിഷയത്തില്‍ സഹായം പ്രഖ്യാപിച്ചത്.

അതേസമയം, കൊവിഡ് പശ്ചാത്തലത്തില്‍ ഉയര്‍ന്നിരിക്കുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ സർക്കാര്‍ തലത്തിലാണ് നടപടിയുണ്ടാകണമെന്ന് ആവശ്യമുയരുന്നുണ്ട്. യൂസഫലിയെപ്പോലെയുള്ള വ്യവസായ പ്രമുഖകരുടെ ഒറ്റപ്പെട്ട ഇടപെടല്‍ പ്രശ്ന പരിഹാരം ആകില്ലെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ ഒരുവിഭാഗം പ്രതികരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →