പത്തനംതിട്ട: ജില്ലാ വനിതാ ശിശുവികസന ഓഫീസിന്റെയും മഹിളാശക്തി കേന്ദ്രയുടെയും നേതൃത്വത്തില്‍ പത്തനംതിട്ട ജില്ലാതല ജെന്‍ഡര്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ക്ക് തുടക്കമായി. ജില്ലാ കളക്ടര്‍. ഡോ. ദിവ്യ.എസ് അയ്യര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സ്ത്രീകള്‍ക്കെതിരെ എല്ലാ കാലഘട്ടത്തിലും അതിക്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പുതിയ തലമുറ അതിനെതിരെ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞുവെന്നും ഓരോ പെണ്‍കുട്ടിയും തങ്ങളുടെ അവകാശങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ട് സ്വന്തം സ്വപ്നങ്ങള്‍ നേടാന്‍ ശ്രമിക്കണമെന്നും കളക്ടര്‍ പറഞ്ഞു.
ഓണ്‍ലൈനായി നടന്ന പരിപാടിയില്‍ ജില്ലാ വനിതാശിശുവികസന ഓഫീസര്‍ പി.എസ് തസ്നീം, വനിതാ സംരക്ഷണ ഓഫീസര്‍ എച്ച്. താഹിറ ബീവി, ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫീസര്‍ നിഷാ നായര്‍, സെന്റ് സിറില്‍സ് കോളജ് പ്രിന്‍സിപ്പല്‍ ഡോ.ഡി.സുഷാ, മഹിളാ ശക്തികേന്ദ്ര വുമണ്‍ വെല്‍ഫയര്‍ ഓഫീസര്‍ കെ.എം. ദേവിക, മഹിളാ ശക്തി കേന്ദ്ര ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ബി.ജ്യോതിമോള്‍ എന്നിവര്‍ സംസാരിച്ചു.
ജില്ലയിലെ എല്ലാ കോളജുകളിലേയും മുഴുവന്‍ വിദ്യാര്‍ഥികളെയും ഭാഗമാക്കിക്കൊണ്ട് ഒരു വര്‍ഷം നീണ്ട ജെന്‍ഡര്‍ ബോധവത്ക്കരണ പരിപാടിയിലൂടെ യുവതലമുറയില്‍ ജെന്‍ഡര്‍ സാക്ഷരത ഉറപ്പുവരുത്തുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ പറഞ്ഞു.