കേരളത്തിൽ ഉപേക്ഷിച്ച 3,500 കോടിയുടെ നിക്ഷേപ പദ്ധതികളുടെ ചര്‍ച്ചയ്ക്കായി കിറ്റെക്സ് ഗ്രൂപ്പ്ഹൈദരാബാദിലേക്ക് പോകും. കിറ്റെക്സ് എംഡി സാബു എം ജേക്കബിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് 09/07/2021 ചൊവ്വാഴ്ച തെലങ്കാന സർക്കാരുമായി ചർച്ച നടത്തുക. കൂടിക്കാഴ്ച്ചയ്ക്കായി തെലങ്കാന സർക്കാർ അയച്ച സ്വകാര്യ ജെറ്റ് വിമാനത്തിലാണ് യാത്ര.
3500 കോടി രൂപ മുതല്‍മുടക്കില്‍ രണ്ട് ഇന്‍ഡസ്ട്രിയല്‍ പാർക്കുകളും ഒരു അപ്പാരല്‍ പാർക്കും കേരളത്തില്‍ സ്ഥാപിക്കാനൊരുങ്ങിയ കിറ്റക്സ് ഗ്രൂപ്പിനെ ആകർഷിക്കാന്‍ തെലങ്കാന പ്രഖ്യാപിച്ചത് വന്‍ ആനുകൂല്യങ്ങളാണ്. രാജ്യത്തെ ഏറ്റവും ഇളയ സംസ്ഥാനം സാബു എം ജേക്കബിനെപോലുള്ള നിക്ഷേപകർക്ക് മുന്നില്‍ പൊതുവായി വയ്ക്കുന്ന ആദ്യ 10 ഓഫറുകൾ ഇതൊക്കെയാണ്.
50 മുതല്‍ ആയിരം പേർക്ക് വരെ ജോലി നല്കിയാല് സ്ഥാപനങ്ങൾക്ക് മുതല്‍മുടക്കില്‍ 35 ശതമാനം സബ്സിഡി. 40കോടി രൂപവരെ ഇതുവഴി നിക്ഷേപകർക്ക് ലാഭിക്കാം. സർക്കാർ ഭൂമി വാടകയ്ക്കെടുത്താല്‍ ആദ്യ 5 വർഷത്തേക്ക് 25 ശതമാനം വരെ സബ്സിഡി, വാതില്‍പടി വരെ വെള്ളവും റോഡും സർക്കാറെത്തിക്കും. മാലിന്യ സംസ്കരണ പ്ലാന്റ് സർക്കാർ സ്ഥാപിച്ച് നല്‍കും. തൊഴിലാളികൾക്ക് താമസിക്കാനുള്ള കെട്ടിടങ്ങൾ പണിയുമ്പോഴും സഹായം.
പുതിയ സംരംഭങ്ങൾക്ക് സംവിധാനങ്ങളൊരുക്കാന്‍ വേണ്ട ലോൺതുകയടെ 75 ശതമാനം വരെ പ്രത്യേക പദ്ധതിയിലുൾപ്പെടുത്തി 8 ശതമാനം പലിശയ്ക്ക് സർക്കാർ ലഭ്യമാക്കും. 8 വർഷം വരെ ഈ പലിശഇളവ് ലഭിക്കും. 50 മുതല്‍ 200 വരെ തൊഴിലാളികൾക്ക് ജോലി നല്കുന്ന സംരംഭങ്ങൾക്ക് യൂണിറ്റിന് 1 രൂപ നിരക്കില്‍ തടസമില്ലാത്ത വൈദ്യുതിയെത്തിക്കും. വന്‍കിട സംരംഭങ്ങൾക്ക് യൂണിറ്റിന് പരമാവധി 2 രൂപ മാത്രം ഈടാക്കും. സംരംഭം തുടങ്ങാനായി ഭൂമി വാങ്ങുന്നതിനോ പാട്ടത്തിനെടുക്കുന്നതിനോ വേണ്ടിവരുന്ന സ്റ്റാമ്പ് ഡ്യൂട്ടിയുൾപ്പടെ എല്ലാ ചിലവുകളും സർക്കാർ വഹിക്കും. ഉദ്യോഗസ്ഥർ നേരിട്ട് വന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കും. സംരംഭം തുടങ്ങി 7 വർഷത്തേക്ക് വാറ്റ്, സിഎസ്ടി, സംസ്ഥാന ജിഎസ്ടി എന്നിവ നൂറു ശതമാനം ഒഴിവാക്കും. സംരംഭം തുടങ്ങിയ ശേഷം പുതിയ സംവിധാനങ്ങൾ സ്ഥാപിക്കാന്‍ ഉല്‍പന്നമൊന്നിന് പത്തു ലക്ഷം രൂപവരെ സഹായം. കയറ്റുമതി ഉത്പന്നങ്ങൾ നിർമിക്കുന്നവർക്ക് സംരംഭത്തിനാവശ്യമായ വസ്തുക്കൾ ഇറക്കുമതി ചെയ്യുമ്പോൾ ആദ്യ രണ്ടു വർഷങ്ങളില്‍ 75 ശതമാനം വരെ നികുതിയിളവ്. ഉല്പന്നങ്ങളുടെ ഡിസൈനിംഗിനായി ചിലവാകുന്ന തുകയുടെ 20 ശതമാനം വരെ സർക്കാർ നല്‍കും. തൊഴിലാളികൾക്ക് വിദഗ്ധ പരിശീലനം നല്കാന് 3000 മുതല്‍ 5000 രൂപവരെ ആളൊന്നിന് സഹായം.
ഇതൊന്നും കൂടാതെ വിവിധ മേഖലകളനുസരിച്ച് നിരവധി പ്രത്യേക ആനുകൂല്യങ്ങളും തെലങ്കാന സർക്കാർ വാഗ്ദാനം ചെയ്യുന്നുണ്ട്. 3500 കോടി സംസ്ഥാനത്തെത്തിക്കാന്‍ മുഖ്യമന്ത്രിയുടെ മകനും വ്യവസായ മന്ത്രിയുമായ കെടി രാമറാവു ഇനി എന്തൊക്കെ വാഗ്ദാനങ്ങൾ നേരിട്ട് സാബു ജേക്കബിന് മുന്നില്‍ വയ്ക്കുമെന്ന് 09/07/2021 ചൊവ്വാഴ്ചറിയാം.

