കോവിഡ് രണ്ടാം തരംഗം: 23,123 കോടി രൂപയുടെ ആരോഗ്യ- കര്‍ഷക പാക്കേജുമായി കേന്ദ്രം

ന്യൂഡല്‍ഹി: പുനഃസംഘടനയ്ക്ക് ശേഷം നടന്ന ആദ്യ മന്ത്രിസഭാ യോഗത്തില്‍ കോവിഡ് രണ്ടാം തരംഗത്തെ നേരിടുന്നതിന് 23,123 കോടി രൂപയുടെ അടിയന്തര പാക്കേജുമായി കേന്ദ്രസര്‍ക്കാര്‍. ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനാകും പണം ചെലവിടുക. കര്‍ഷകര്‍ക്ക് ഒരു ലക്ഷം കോടി രൂപയുടെ സഹായം നല്‍കും. കാര്‍ഷികോല്‍പന്ന വിപണന സമിതികള്‍ ശക്തിപ്പെടുത്തും. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി നീക്കിവച്ച ഒരു ലക്ഷം കോടി രൂപ കാര്‍ഷികോല്‍പന്നങ്ങളുടെ സംഭരണത്തിനായി വിനിയോഗിക്കുമെന്നും മന്ത്രി 08/07/2021 വ്യാഴാഴ്ച പറഞ്ഞു.

ഒന്‍പത് മാസത്തിനുള്ളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി ഈ ഫണ്ട് സമാഹരിക്കുമെന്നു ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു.ഇതില്‍ 15,000 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ വിഹിതം. 8,000 കോടി രൂപ സംസ്ഥാന സര്‍ക്കാരുകള്‍ കണ്ടെത്തണം. ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കാനാണു പണം പ്രധാനമായും ചെലവഴിക്കുക. ഓക്സിജന്‍, മരുന്ന്, ആശുപത്രികളിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തല്‍ എന്നിവയ്ക്കാകും ഈ പണം ചെലവിടുക. എല്ലാ ജില്ലകളിലും 10,000 ലിറ്റര്‍ ഓക്സിജന്‍ സംഭരണം ഉറപ്പാക്കും. 20,000 ഐ.സി.യു. കിടക്കകള്‍ അടക്കം 2.4 ലക്ഷം കിടക്കകള്‍ സജ്ജമാക്കും. ഇതില്‍ 20 ശതമാനം കുട്ടികള്‍ക്കായി നീക്കിവയ്ക്കും.
736 ജില്ലകളില്‍ ശിശുരോഗ ചികിത്സാ യൂണിറ്റുകള്‍ സ്ഥാപിക്കും.

കോവിഡിന്റെ മൂന്നാം തരംഗം കുട്ടികളെയാകും കൂടുതലായി ബാധിക്കുകയെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണു കരുതല്‍. കൂടുതല്‍ ബി.എസ്സി നഴ്സുമാര്‍ക്കു പരിശീലനം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ ശ്രദ്ധിക്കണമെന്നും മന്ത്രി മന്‍സുഖ് മാണ്ഡവ്യ നിര്‍ദേശിച്ചു.

Share
അഭിപ്രായം എഴുതാം