രാമനാട്ടുകര സ്വര്‍ണക്കൊളള: പ്രധാനപ്രതി സൂഫിയാന്‍ കീഴടങ്ങി

രാമനാട്ടുകര അപകടവുമായി ബന്ധപ്പെട്ട സ്വർണക്കടത്ത് ആസൂത്രണക്കേസിലെ പ്രധാനപ്രതി സൂഫിയാൻ(31) കീഴടങ്ങി. കൊണ്ടോട്ടി പോലീസ് സ്റ്റേഷനിലെത്തിയാണ് ഇയാൾ കീഴടങ്ങിയത്.

താമരശേരി സ്വദേശി മൊയ്തീന്‍ യുഎഇയില്‍ നിന്ന് കടത്താന്‍ പദ്ധതിയിട്ട സ്വര്‍ണ്ണത്തിന് സംരക്ഷണം നല്‍കാനും ഇത് തട്ടിയെടുക്കാന്‍ വരുന്ന അര്‍ജ്ജുന്‍ അടങ്ങുന്ന സംഘത്തെ കൈകാര്യം ചെയ്യാനും ക്വട്ടേഷനെടുത്തത് സൂഫിയാന്‍റെ നേതൃത്വത്തിലുളള സംഘമെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. ചെര്‍പുളശേരിയില്‍ നിന്നുളള ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കിയും ക്വട്ടേഷന്‍ നടപ്പാക്കാനായി ഒരു വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതും സൂഫിയാനാണെന്ന് പൊലീസ് പിടിയിലായവര്‍ മൊഴി നല്‍കിയിരുന്നു. 

രാമനാട്ടുകരയില്‍ വാഹനാപകടത്തില്‍ ക്വട്ടേഷന്‍ സംഘത്തിലെ അഞ്ചുപേര്‍ മരിച്ചതറിഞ്ഞ് സൂഫിയാന്‍ സംഭവസ്ഥലത്ത് എത്തിയിരുന്നതായും പൊലീസിന് വിവരം കിട്ടിയിരുന്നു. തുടര്‍ന്ന് ഇയാള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതിനു പിന്നാലെയായിരുന്നു നാടകീയമായ കീഴടങ്ങല്‍. നേരത്തെ യുഎഇയില്‍ നിന്ന് സ്വര്‍ണ്ണക്കടത്ത് നടത്തി രണ്ടുവട്ടം പിടിയിലായ സൂഫിയാന്‍ കൊഫെപോസെ ചുമത്തപ്പെട്ട് ജയിലില്‍ കഴിഞ്ഞിട്ടുമുണ്ട്. 

സ്വർണക്കടത്ത് മാഫിയയുമായി ബന്ധമുളള ആളാണ് സൂഫിയാൻ എന്നാണ് പോലീസ് പറയുന്നത്. രണ്ടുപേർ കൂടി ഇനി പിടിയിലാകാനുണ്ടെന്ന് പോലീസ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →