-ലഹരി വിരുദ്ധ വാരാചരണ പരിപാടികൾക്ക് തുടക്കം
ആലപ്പുഴ: കുട്ടികളിൽ ലഹരിയുടെ സ്വാധീനം വർദ്ധിക്കുന്നത് ആശങ്കാവഹമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാജേശ്വരി പറഞ്ഞു. ജില്ലയിലെ ലഹരി വിരുദ്ധ വാരാചരണ പരിപാടികളുടെ ഉദ്ഘാടനം ഓൺലൈനായി നിർവ്വഹിക്കുകയായിരുന്നു പ്രസിഡന്റ്. ‘കരുതാം ആലപ്പുഴയെ – കൈകോർക്കാം ലഹരിക്കെതിരെ’ എന്ന പേരിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിപാടികളാണ് സംഘടിപ്പിക്കുന്നത്. നാം ചിന്തിക്കുന്നതിലും അപ്പുറമാണ് ഇന്ന് കുട്ടികളിലെ ലഹരിയുടെ സ്വാധീനം. പലപ്പോഴും ലഹരിയുടെ സന്ദേശവാഹകരോ, ലഹരി വസ്തുക്കളുടെ വിതരണക്കാരോ ആയി കുട്ടികൾ മാറുന്നു. എന്ത് വിലകൊടുത്തും ഇതിന് തടയിടാൻ സമൂഹത്തിന് ബാധ്യതയുണ്ട്. ലഹരിയുടെ ഉപഭോഗം കുറയ്‌ക്കുന്നതിന് ലഹരി വർജ്ജനം ലക്ഷ്യമിട്ട് സമഗ്രമായ പദ്ധതി ആവശ്യമാണ്. ഭാവി തലമുറ വഴി തെറ്റിപ്പോകാതിരിക്കാനുള്ള പദ്ധതികളാണ് തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് നടപ്പാക്കേണ്ടതെന്നും ഇതിന് ജില്ലാ പഞ്ചായത്തിന്റെ എല്ലാ പിന്തുണയുണ്ടാവുമെന്നും പ്രസിഡന്റ് പറഞ്ഞു.
ജില്ലാ ഭരണകൂടം, ജില്ലാ സാമൂഹിക നീതി വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, പോലീസ്, എക്സൈസ്, വിദ്യാഭ്യാസം, ജില്ലാ നിയമ സേവന അതോറിറ്റി, കുടുംബശ്രീ, വനിതാ ശിശുവികസനം, ജയിൽ എന്നീ വകുപ്പുകളും ചങ്ങനാശ്ശേരി മീഡിയ വില്ലേജ്, കെ.വി.എം. അടക്കം സന്നദ്ധ സേവന രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുമായി ചേർന്നാണ് ജൂലൈ രണ്ടുവരെ ലഹരി വിരുദ്ധ വാരാചരണ പരിപാടികൾ സംഘടിപ്പിക്കുന്നത്. ജില്ലാ കളക്ടർ എ. അലക്സാണ്ടർ അധ്യക്ഷത വഹിച്ചു. ജില്ലാ നിയമ സേവന അതോറിറ്റി സബ് ജഡ്ജി എം. റ്റി. ജലജ റാണി മുഖ്യപ്രഭാഷണം നടത്തി. ചങ്ങനാശ്ശേരി മീഡിയ വില്ലേജ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. അന്റണി ഏത്തക്കാട് ലഹരി വിരുദ്ധ സന്ദേശം നൽകി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. റ്റി. എസ്. താഹ, എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ കെ. കെ. അനിൽകുമാർ, ജില്ലാ സാമൂഹിക നീതി ഓഫീസർ എ. ഒ. അബീൻ, എ. ഷാജഹാൻ, ജി. സന്തോഷ്, യദു, ലിനു, തുടങ്ങിയവർ പങ്കെടുത്തു.