തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ പാഠ്യപദ്ധതിയില്‍ ഇടപെടാനുളള കേന്ദ്രസര്‍ക്കാര്‍ തീരുമാനം വിദ്യാഭ്യാസ രംഗത്ത് കേരളം ആര്‍ജിച്ചിട്ടുളള ജനകീയ നേട്ടങ്ങളെ തകര്‍ക്കുന്നതാണ്. വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവരുന്ന ദേശീയ വിദ്യാഭ്യാസ നയം സംസ്ഥാനങ്ങളില്‍ അടിച്ചേല്‍പ്പിക്കാനുളള നീക്കമാണ് നടക്കുന്നത്. 2023 ല്‍ പാഠ്യ പദ്ധതി പരിഷ്‌ക്കരിക്കാനാണ് എന്‍സി ഇആര്‍ടിയോട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. .
ഇതുവരെ കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന പൊതു നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനം തയ്യാറാക്കുന്ന പാഠ്യപദ്ധതികളില്‍ കേന്ദ്രം പിന്നീട് ഇടപെട്ടിരുന്നില്ല. എന്നാല്‍ ഇത്തവണ സംസ്ഥാനങ്ങളോട് നിര്‍ദ്ദേശം സമര്‍പ്പിക്കാനും കേന്ദ്രം തരുന്ന പദ്ധതി നടപ്പാക്കാനുമാണ് എന്‍സിഇആര്‍ടി സംസ്ഥാനങ്ങളിലെ പാഠ്യ പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുന്ന എസ്‌ആര്‍ടികളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
യോഗത്തില്‍ പങ്കെടുത്ത കേരളത്തിന്റെ പ്രതിനിധി എസ് ഇആര്‍ടി ഡയറക്ടര്‍ ജെ പ്രസാദ് നിര്‍ദ്ദേശത്തെ എതിര്‍ത്തിരുന്നു. ഇത് വിദ്യാഭ്യാസത്തിന്റെ ജനകീയ സ്വഭാവം ഇല്ലാതാക്കുമെന്നും സംസ്ഥാനങ്ങളുടെ അവകാശം കവര്‍ന്നെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിന്‍റെ ഭാഗമായി പശ്ചിമ ബംഗാളില്‍ നിന്നുളള പ്രതിന്ധി യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്‌തു.
2024ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പ് പാഠ്യപദ്ധതിയുടെ കാവിവല്‍ക്കരണമാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം. സംസ്ഥാനങ്ങള്‍ നല്‍കുന്ന രൂപരേഖയുടെ അടിസ്ഥാനത്തിലാണ് ദേശീയ പാഠ്യ പദ്ധതി ചട്ടക്കൂട് തയ്യാറാക്കുക. എന്നാല്‍ ഒഴിവാക്കാനും കൂട്ടിച്ചേര്‍ക്കാനുമുളള അവസരം കേന്ദ്രത്തിനായിരിക്കും. അതിന് ശേഷം സംസ്ഥാനങ്ങള്‍ക്ക് തിരുത്താനാവില്ല. പാഠ്യ പദ്ധതിയില്‍ സാംസ്‌കാരിക ,ചരിത്ര, ശാസ്‌ത്ര മേഖലകളില്‍ പ്രാദേശികമായ പ്രാധാാന്യം ഉള്‍പ്പടെ സംസ്ഥാന താല്‍പ്പര്യം ഇതുവരെ സംരക്ഷിക്കപ്പെട്ടിരുന്നു. പുസ്‌തക താളുകളില്‍ മത ചിഹ്നങ്ങള്‍ക്കോ വര്‍ഗീയ താല്‍പ്പര്യങ്ങള്‍ക്കോ ഇടം നല്‍കിയിരുന്നതുമില്ല.