ഇടുക്കി ജില്ലയില്‍ വെട്ടുക്കിളി ശല്യം രൂക്ഷമാകുന്നു

കട്ടപ്പന : ഇടുക്കി ജില്ലയിലെ ഇരട്ടയാര്‍ പഞ്ചായത്തില്‍പെട്ട ചെമ്പകപ്പാറ, പളളിക്കാനം, ഈട്ടിത്തോപ്പ്‌ മേഖലകളിലെ കൃഷിയിടങ്ങളില്‍ വെട്ടുക്കിളി ശല്യം രൂക്ഷമാകുന്നു. നിരവധി കര്‍ഷകരുടെ പുരയിടങ്ങളിലെ കുരുമുളക്‌ ,ഏലം,കാപ്പി, തെങ്ങ്‌ തുടങ്ങിയ വിളകളില്‍ ഇവ ചേക്കേറിയിരിക്കുകയാണ്‌ മറ്റുപ്രദേശങ്ങളിലേക്കും ഇവ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്‌. വിളകളില്‍ ചേക്കേറുന്ന ഇവ ഇലകള്‍ ഭക്ഷിച്ച് തണ്ടിലെ നീര്‌ ഊറ്റിക്കുടിച്ച്‌ ദിവസങ്ങള്‍ക്കുളളില്‍ വിളകല്‍ കരിഞ്ഞ് നശിക്കുകയാണ്‌ ചെയ്യുന്നത്‌. ഒരു കൃഷിയിടത്തില്‍നിന്ന്‌ മറ്റൊരിടത്തേക്ക്‌ അതിവേഗം വ്യാപിക്കുകയും ചെയ്യും. വെട്ടുക്കിളികളെ തുരത്തി വിളകള്‍ സംരക്ഷിക്കാനുളള ശ്രമത്തിലാണ്‌ ഇവിടത്തെ കര്‍ഷകര്‍.

അതുപോലെതന്നെ മുട്ടം മൂലമറ്റം ,കാഞ്ഞാര്‍, കുടയത്തൂര്‍,തുടങ്ങനാട്‌ മലങ്കര മേഖലകളിലെ ജനവാസ കേന്ദ്രങ്ങളില്‍ വ്യാപകമായി പുഴുക്കളുടെ ശല്യവും കണ്ടുതുടങ്ങി .മഴവ്യാപകമായതോടെ വീട്ടുമുറ്റത്തും പറമ്പിലുമുളള മരങ്ങളില്‍ ആണ് ഇവയെ വ്യാപകമായി കാണപ്പെടുന്നത്‌. മരങ്ങളില്‍നിന്നും ഇവ പകല്‍ വെളിച്ചത്തില്‍ വീടുകളുടെ ഭിത്തിയിലും, വാതിലുകള്‍, ജനലുകള്‍ എവിടങ്ങളിലും കയറിപ്പറ്റുന്നു. ഇവയുടെ സൂജിപോലെയുളള കൂര്‍ത്ത രോമങ്ങള്‍ ശരീരത്തില്‍ ആഴ്‌ന്നിറങ്ങുന്നവയാണ്‌ . ഇത്‌ ശരീരത്തില്‍ സ്‌പര്‍ശിച്ചാല്‍ കഠിനമായ ചൊറിച്ചില്‍ അനുഭവപ്പെടും. പുഴുക്കളുടെ സാന്നിദ്ധ്യം ജനജീവിതത്തെ ബാധിച്ചുതുടങ്ങിയിട്ടുണ്ട്‌. അധികൃതരുടെ ഭാഗത്തുനിന്നും നടപടികള്‍ സ്വീകരിക്കണമെന്ന്‌ നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →