കൊല്ലം: കല്ലുവാതുക്കലില്‍ പിഞ്ചുകുഞ്ഞിനെ കരിയില കൂനയില്‍ ഉപേക്ഷിച്ച കേസിലെ പ്രതി രേഷ്‌മ ഇത്രയും വഞ്ചകിയാണെന്ന് തനിക്ക് അറിയില്ലായിരുന്നവെന്നും അവരുടെ ജീവിതം നന്നാകണമെന്ന് മാത്രമായിരുന്നു താന്‍ ആഗ്രഹിച്ചിരുന്നതെന്നും രേഷ്‌മയുടെ ഭര്‍തൃസഹോദരന്റെ ഭാര്യയായ ആര്യയുടെ ആത്മഹത്യാകുറിപ്പില്‍. കുഞ്ഞിനെ കൊന്ന കേസില്‍ രേഷ്‌മ അറസ്റ്റിലാകുന്നത് തനിക്ക് സഹിക്കാന്‍ കഴിയില്ലെന്നും ആര്യയുടെ ആത്മഹത്യാകുറിപ്പില്‍ പറയുന്നു.
അറിഞ്ഞുകൊണ്ട് താന്‍ ആരെയും ചതിച്ചിട്ടില്ലെന്നും തന്റെ മകനെ നന്നായി നോക്കണമെന്നും, എല്ലാവരും ക്ഷമിക്കണമെന്നും ആര്യയുടെ കുറിപ്പില്‍ പറയുന്നു. കുഞ്ഞിനെ കരിയിലകൂട്ടത്തില്‍ ഉപേക്ഷിച്ചത് താന്‍ ഒറ്റക്കാണെന്നും ,ഗര്‍ഭിണിയായിരുന്നെന്ന വിവരം മറ്റാര്‍ക്കും അറിയില്ലായിരുന്നെന്നുമുളള രേഷ്‌മയുടെ വാദം ഇതോടെ പൊളിയുകയാണ്. രേഷ്‌മയുമായി ഏറ്റവും അടുപ്പമുണ്ടായിരുന്ന ആളാണ് രേഷ്‌മയുടെ ഭര്‍തൃസഹോദര ഭാര്യയായ ആര്യ . രേഷ്മ കാമുകനുമായി ചാറ്റ് ചെയ്യാന്‍ ഉപയോഗിച്ചിരുന്നത് ഇവരുടെ സിംകാര്‍ഡാണ്.
ഇതിനെപ്പറ്റി ചോദിച്ചറിയാന്‍ ആര്യയോട് സ്‌റ്റേഷനിലെത്താന്‍ പോലീസ് ആവശ്യപ്പെട്ടിരുന്നു. പോലീസ് വിളിപ്പിച്ചതിന് പിന്നാലെ ആര്യ അസ്വസ്ഥയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ഇതിന് പിന്നാലെയാണ് ആര്യയെ കാണാതായത്. ആര്യയുടെ ഭര്‍തൃസഹോദരിയുടെ മകള്‍ ഗ്രീഷ്‌മയേയും ഒപ്പം കാണാതാവുകയായിരുന്നു. ഇത്തിക്കരയാറ്റിന് സമീപത്തുകൂടി ഇവര്‍ നടന്നുപോകുന്നത് സിസിടിവി ദൃശ്യങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് പോലീസ് പരിസരത്ത് പരിശോധന നടത്തിയത്. തുടര്‍ന്ന് ഇരുവരുടെയും മൃതദേഹങ്ങള്‍ ആറ്റില്‍ നിന്ന് ലഭിക്കുകയായിരുന്നു. ആര്യ എന്തിനാണ് മരണത്തിലേക്ക് ഗ്രീഷ്‌മയെ ഒപ്പം കൂട്ടിയതെന്നടക്കമുളള കാര്യങ്ങള്‍ ദുരൂഹമാണ്

