പെരിയ ∙ ഇരട്ടക്കൊലപാതക കേസിൽ സിപിഎം നേതാവിനെ സിബിഐ സംഘം ചോദ്യം ചെയ്തു. സിപിഎം പാക്കം ലോക്കൽ സെക്രട്ടറിയും വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറിയുമായ രാഘവൻ വെളുത്തോളിയെയാണ് കേസന്വേഷണത്തിനു നേതൃത്വം നൽകുന്ന ഡിവൈഎസ്പി അനന്തകൃഷ്ണന്റെ നേതൃത്വത്തിൽ കഴിഞ്ഞദിവസം മണിക്കൂറുകളോളം ചോദ്യം ചെയ്തത്. സിപിഎം പ്രവർത്തകനും സിപിഎം നിയന്ത്രണത്തിലുള്ള പനയാൽ സഹകരണ ബാങ്ക് സെക്രട്ടറിയുമായ കെ.വി.ഭാസ്കരനെയും സംഘം ചോദ്യം ചെയ്തു. ചെങ്കൽ ക്വാറി ഉടമസ്ഥ സംഘം നേതാവും ഡിവൈഎഫ്ഐ മുൻ ജില്ലാ ഭാരവാഹിയുമാണ് രാഘവൻ വെളുത്തോളി. കൊലപാതകം നടന്ന ദിവസം രാത്രി സിപിഎം ശക്തികേന്ദ്രമായ പാക്കം ചെറൂട്ടയിൽ പ്രതികളെ എത്തിച്ച വാഹനം ആളൊഴിഞ്ഞ പ്രദേശത്ത് നിർത്തിയിട്ടിരുന്നു.
രണ്ടാം പ്രതി സജി ജോർജിന്റെ വാഹനമായിരുന്നു ഇത്. പിറ്റേന്ന് ഇവിടെ നിന്നു വാഹനം കടത്തിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ പൊലീസ് കസ്റ്റഡിയിലെടുത്ത സജി ജോർജിനെ വാഹനത്തിൽ നിന്നു ബലമായി ഇറക്കിക്കൊണ്ടുപോയത് മുൻ എംഎൽഎയായ സിപിഎം നേതാവും രാഘവനും ഭാസ്കരനും ഉൾപ്പെട്ട സംഘമാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവർ ഇരുവരെയും അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് മുൻ എംഎൽഎ കൂടിയായ സിപിഎം നേതാവിനെ ഉടൻ ചോദ്യം ചെയ്യുമെന്നാണു സൂചന. ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് സിബിഐ സംഘം ഇതിനകം സാക്ഷികളുൾപ്പെടെ നൂറോളം പേരെ ചോദ്യം ചെയ്തു.

