കണ്ണൂര്‍: സി കെ ജാനുവിന് കോഴ നല്‍കിയെന്ന ആരോപണത്തില്‍ ഫോണ്‍ സംഭാഷണത്തിന്‍റെ മറ്റൊരു ശബ്‌ദരേഖ കൂടി പുറത്തുവിട്ട് ജെ ആര്‍ പി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട്. ബി ജെ പി ഓര്‍ഗനൈസിംഗ് ജനറല്‍ സെക്രട്ടറി എം ഗണേഷുമായി സംസാരിക്കുന്നതിന്‍റെ റെക്കോര്‍ഡാണ് പ്രസീത പുറത്തുവിട്ടിരിക്കുന്നത്.
ജാനുവിന്‍റെ കാര്യത്തിന് വേണ്ടി സുരേന്ദ്രന്‍ പറഞ്ഞിട്ടാണ് വിളിക്കുന്നതെന്ന് പ്രസീത ഫോണ്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്. വേണ്ട വിധത്തില്‍ അക്കാര്യങ്ങള്‍ സംസാരിച്ചിട്ടുണ്ടെന്നും സുരേഷ് എന്നായാളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഗണേഷ് മറുപടി നല്‍കുന്നു. ജാനു തന്നെ വിളിച്ചിരുന്നു. സുരേഷുമായി അവര്‍ സംസാരിച്ച് പരസ്‌പരം ധാരണയിലെത്തിയിട്ടുണ്ടെന്നും ഗണേഷ് സംഭാഷണത്തില്‍ പറയുന്നത് കേള്‍ക്കാം.
ജാനുവിന് കോഴ നല്‍കിയതുമായി ബന്ധപ്പെട്ട് നേരത്തെ പ്രസീത ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനുമായുള്ള ഫോണ്‍ സംഭാഷണവും പുറത്തുവിട്ടിരുന്നു. ജാനുവിന് 25 ലക്ഷം രൂപ നല്‍കാന്‍ ഗണേഷിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു ഈ സംഭാഷണത്തില്‍ സുരേന്ദ്രന്‍ പറഞ്ഞിരുന്നത്. ഇതിനെ സാധൂകരിക്കുന്നതാണ് ഗണേഷുമായുള്ള പുതിയ ഫോണ്‍ സംഭാഷണം.
തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി ലഭിച്ച പണം ജാനു സ്വന്തം ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചെന്നാണ് പ്രസീത പറയുന്നത്. സി കെ ജാനുവിന് തിരുവനന്തപുരത്ത് വച്ച് കെ സുരേന്ദ്രന്‍ പത്ത് ലക്ഷവും ബത്തേരിയില്‍ വച്ച് ബി ജെ പി ജില്ലാ ഭാരാവാഹികള്‍ വഴി 25 ലക്ഷവും കൈമാറിയെന്നാണ് പ്രസീതയുടെ വെളിപ്പെടുത്തല്‍. ബത്തേരിയില്‍ പണം കൈമാറിയത് ഗണേഷ് ഇടപെട്ടാണെന്നും പ്രസീത ആരോപിച്ചിരുന്നു.

