കാറിനുളളില്‍ നിന്ന് പെണ്‍കുട്ടിയുടെ കരച്ചില്‍, ക്രൂരമായ മര്‍ദ്ദനം, കടകംപള്ളി സുരേന്ദ്രന്റെ പേഴ്‌സണല്‍ സ്റ്റാഫംഗത്തിന്റെ മകന്‍ അറസ്റ്റില്‍

തിരുവനന്തപുരം: കാറിനുള്ളില്‍ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച്‌ യുവാവ്. നാട്ടുകാര്‍ കാര്‍ തടഞ്ഞാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. സംഭവത്തില്‍ മുന്‍ മന്ത്രി കടകംപളളി സുരേന്ദ്രന്‍റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്‍റെ മകനും പാറ്റൂര്‍ സ്വദേശിയുമായ അശോകിനെതിരെ മ്യൂസിയം പൊലീസ് കേസെടുത്തു.


മദ്യപിച്ച്‌ അര്‍ദ്ധബോധാവസ്ഥയിലായിരുന്നു അശോക്. ഇന്നലെ രാത്രി എട്ട് മണിയോടെ പി എം ജി ലോ കോളേജ് ജംഗ്ഷനിലായിരുന്നു സംഭവം. കാറിനുള്ളില്‍ നിന്ന് പെണ്‍കുട്ടിയുടെ നിലവിളി കേട്ടതോടെയാണ് നാട്ടുകാര്‍ ശ്രദ്ധിച്ചത്. ജനറല്‍ ആശുപത്രിയിലേക്കുള്ള റോഡിലേക്ക് തിരിയുന്നതിനിടെ സ്‌കൂട്ടര്‍ കുറുകെ നിര്‍ത്തി നാട്ടുകാരിലൊരാള്‍ കാര്‍ തടഞ്ഞു.


കാര്‍ നിര്‍ത്തിയതിന് ശേഷം യുവാവ് പെണ്‍കുട്ടിയെ കാറില്‍ നിന്നിറക്കി നാട്ടുകാരുടെ മുന്നില്‍ വച്ച്‌ വീണ്ടും മര്‍ദിച്ചു. ഇതോടെ നാട്ടുകാരും യുവാവും തമ്മില്‍ വാക്കേറ്റമായി. അഭിഭാഷകനാണെന്നും മുന്‍ മന്ത്രിയുടെ സ്റ്റാഫിന്‍റെ മകനാണെന്നും ആക്രോശിച്ചശേഷം കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ തടഞ്ഞു.
പൊലീസെത്തി യുവാവിനെയും പെണ്‍കുട്ടിയെയും സ്റ്റേഷനിലേക്ക് മാറ്റി. ഐ ടി മേഖലയില്‍ ജോലി ചെയ്യുന്നവരാണ് ഇരുവരും. ഇവര്‍ സുഹൃത്തുക്കളാണ്. ഇരുവരെയും വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കി.

പൊതു സ്ഥലത്ത് ബഹളമുണ്ടാക്കല്‍, സ്ത്രീകള്‍ക്ക് നേരെയുളള മര്‍ദ്ദനം, മദ്യപിച്ച്‌ വാഹനമോടിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം യുവതിയുടെ പരാതിയില്‍ അശോകിനെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →