പാലക്കാട് മൈലംപുള്ളിയിൽ ഭർത്താവിന്റെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച റിൻസിയയുടെത് കൊലപാതകമാണെന്ന് ബന്ധുക്കൾ. പണം ചോദിച്ച് ഭർത്താവിന്റെ വീട്ടുകാർ ഉപദ്രവിച്ചിരുന്നു. നാല് മാസം കഴിഞ്ഞിട്ടും അന്വേഷണത്തിൽ പുരോഗതിയില്ലെന്നും ബന്ധുക്കൾ ആരോപിച്ചു.
ഇക്കഴിഞ്ഞ മാർച്ച് 6ന് അർധരാത്രിയിലാണ് റിൻസിയ എന്ന 23 കാരിയെ മൈലംപുള്ളിയിലെ ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മകൾ സ്വയം മരിച്ചതല്ലെന്നും കൊലപാതകമാണ് നടന്നതെന്നും മാതാപിതാക്കൾ പറയുന്നു.
പലതരത്തിലുള്ള മാനസിക പീഡനങ്ങൾ റിൻസിയ അനുഭവിച്ചിട്ടുണ്ടെന്ന് റിൻസിയയുടെ സഹോദരൻ പറഞ്ഞു. റിൻസിയയോട് ഭർതൃവീട്ടുകാർ പണം ആവശ്യപെട്ടതായും ആരോപണം ഉണ്ട്. അഞ്ച് വർഷം മുമ്പാണ് റിൻസിയയുടെയും- ഷെഫീഖിന്റെയും വിവാഹം നടന്നത്. കോങ്ങാട് പോലീസാണ് അന്വേഷണം നടത്തുന്നത്. അസ്വാഭാവിക മരണത്തിന് കേസ് എടുത്താണ് അന്വേഷണം നടക്കുന്നത്. രാഷ്ട്രീയ സ്വാധീനം മൂലം കേസ് അട്ടിമറിക്കപെടുമോ എന്നും റിൻസിയയുടെ കുടുംബം സംശയിക്കുന്നു.