മലേഷ്യയിലേക്ക് വിമാനം പറന്നത് ഒറ്റ യാത്രക്കാരനെയും കൊണ്ട്

കണ്ണൂര്‍: കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്ന് ഒരൊറ്റ യാത്രക്കാരനുമായി മലേസ്യയിലേക്ക് എയര്‍ ഇന്ത്യ വിമാനം പറന്നു. കണ്ണൂര്‍ ജില്ലയിലെ കണ്ണാടിപ്പറമ്പ് പുല്ലൂപ്പി ജുമാ മസ്ജിദിനു സമീപം ഈസ ബിന്‍ ഇബ്രാഹിമിനാണ് ഈ അപൂര്‍വ്വ സൗഭാഗ്യം ലഭിച്ചത്.

കൊച്ചി നെടുമ്പാശ്ശേരിയില്‍ നിന്ന് ക്വാലാലംപൂരിലേക്കായിരുന്നു ഇദ്ദേഹത്തിന്റെ യാത്ര. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം കാരണമാണ് തനിച്ചുള്ള യാത്രയ്ക്ക് കളമൊരുങ്ങിയത്. മലേസ്യയില്‍ 28 വര്‍ഷത്തോളമായി ബിസിനസുകാരനാണ് ഈസ ബിന്‍ ഇബ്രാഹിം.കൊവിഡ് വ്യാപനം കാരണം ഇന്ത്യയില്‍ നിന്ന് മലേസ്യയിലേക്കുള്ള യാത്രയ്ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

നിശ്ചിത വരുമാനവും യാത്രകളും ചെയ്യുന്നവര്‍ക്ക് മാത്രമാണ് യാത്രാനുമതിയുള്ളത്. ഇതേത്തുടര്‍ന്നാണ് മറ്റു യാത്രക്കാര്‍ ഇല്ലാതിരുന്നത്. ഒരു വര്‍ഷത്തിനിടെ 50 ലേറെ യാത്രകള്‍ ചെയ്തിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇങ്ങനെയൊരു ഒറ്റയാന്‍ യാത്രയെന്നും പ്രത്യേക അനുഭവമാണെന്നും ഈസ ബിന്‍ ഇബ്രാഹിം പറഞ്ഞു.കണ്ണൂരില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം നെടുമ്പാശ്ശേരിയിലെത്തിയ 51കാരന്‍ വന്ദേ ഭാരത് മിഷന്റെ ഭാഗമായുള്ള എയര്‍ ഇന്ത്യയുടെ ഹത 422 വിമാനത്തില്‍ രാവിലെ 7.45 നാണ് പുറപ്പെട്ടത്. ഒറ്റ യാത്രക്കാരനായതിനാല്‍ ബോര്‍ഡിങ് പാസ് പരിശോധന പെട്ടെന്ന് പൂര്‍ത്തിയാക്കി. പ്രത്യേക പരിഗണന തന്നെ വിമാനത്തില്‍ ലഭിച്ചതായും അദ്ദേഹം പറഞ്ഞു. സാധാരണ പോലെ 16800 രൂപയുടെ എക്കോണമി ക്ലാസ് ടിക്കറ്റ് ചാര്‍ജ് തന്നെയാണ് ഈടാക്കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →