ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സിനെത്തിയ ഒന്‍പതംഗ സംഘത്തിലെ ഒരു കോച്ചിന് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഉഗാണ്ടയുടെ ഒളിമ്പിക് സംഘത്തിനെ ക്വാറന്റൈനിലാക്കി. ബോക്സര്‍മാരും കോച്ചുമാരും ഒഫീഷ്യലുകളും അടങ്ങുന്ന സംഘമാണു ക്വാറന്റൈനിലായത്. ടോക്കിയോയിലെ നാരിത വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണു കോച്ചിനു കോവിഡ് സ്ഥിരീകരിച്ചത്. രണ്ട് ഡോസ് വാക്സിനുമെടുത്തയാളാണു കോച്ചെന്ന് ഉഗാണ്ടന്‍ അധികൃതര്‍ വ്യക്തമാക്കി. ടോക്കിയോയിലേക്കു വിമാനം കയറും മുമ്പു നടത്തിയ പരിശോധനയില്‍ കോവിഡ് നെഗറ്റീവുമായിരുന്നു.
കോച്ചിനെ ഏകാന്ത വാസത്തിലാക്കി. തെക്കന്‍ ഒസാക്കയിലെ ഇസുമിസാനോയിലെ പരിശീലന കേന്ദ്രത്തിലാണ് ഉഗാണ്ടന്‍ താരങ്ങളെ ക്വാറന്റൈനിലാക്കിയത്. ഓസ്ട്രേലിയയുടെ സോഫ്റ്റ്ബോള്‍ താരങ്ങളാണ് ടോക്കിയോയില്‍ ആദ്യമെത്തിയത്. കഴിഞ്ഞ 16 നായിരുന്നു ഉഗാണ്ടന്‍ താരങ്ങള്‍ എത്തേണ്ടിയിരുന്നത്. ഉഗാണ്ടയില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചതോടെ അവര്‍ സഞ്ചരിക്കേണ്ടിയിരുന്ന വിമാനം റദ്ദാക്കിയിരുന്നു.

