ഏറ്റവും ആശങ്കയുണ്ടാക്കുന്ന കൊറോണ വൈറസ് വകഭേദമായി ഡെൽറ്റ പ്ലസ് വൈറസിനെ കരുതിയിരിക്കണമെന്ന് കേന്ദ്രസർക്കാർ മുന്നറിയിപ്പ്.
ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയ കേരളം, മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങൾക്കാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയത്.
ഡെൽറ്റ പ്ലസ് റിപ്പോർട്ട് ചെയ്ത ജില്ലകളിൽ പ്രതിരോധ നടപടികളും വാക്‌സിനേഷനും വേഗത്തിലാക്കാൻ ആരോഗ്യമന്ത്രാലയം നിർദ്ദേശം നൽകി.
ഡെൽറ്റ പ്ലസ് ബാധിച്ചുള്ള ആകെ 22 കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതിൽ 16 കേസുകളും മഹാരാഷ്ട്രയിലാണ്.
കേരളത്തിൽ പാലക്കാട്, പത്തനംതിട്ട ജില്ലകളിലാണ് ഡെൽറ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചത്. പത്തനംതിട്ട കടപ്രയിൽ ഒരാൾക്കും പാലക്കാട് രണ്ട് പേർക്കുമാണ് കോവിഡ് ഡെൽറ്റ പ്ലസ് വകഭേദം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
2020 ഒക്ടോബറിൽ ഇന്ത്യയിലാണ് ഈ വകഭേദം കണ്ടെത്തിയത്. ഡെൽറ്റ. ബി.1.617.2 എന്നതാണ് ഈ വകഭേദത്തിന്റെ ശാസ്ത്രീയ നാമം.
തീവ്രവ്യാപനത്തിനും ജനിതകമാറ്റം വരാനും സാധ്യത കൂടുതലുള്ള വിഭാഗത്തിൽപ്പെടുന്നതാണിത്. പ്രതിരോധപ്രവർത്തനങ്ങളെയും നിയന്ത്രണമാർഗങ്ങളെയും ചെറുക്കാനുള്ള കഴിവും ഇവയ്ക്കുണ്ട് എന്നത് ആശങ്ക ഉയർത്തുന്നു.