സ്ത്രീധനത്തിന് മുമ്പിൽ സ്ത്രീ വിലക്കപ്പെട്ട കനിയോ?

✍️✍️✍️✍️✍️✍️✍️

കേരളത്തെ നടുക്കിയ വിസ്മയ കൊലപാതകം: ഇത് ആദ്യ വിസ്മയമല്ല നമ്മുടെ നാടിന്. ഇതുപോലെ എത്രയോ വിസ്മയമാർ നമുക്ക് മുൻപിലൂടെ സ്ത്രീധനം എന്ന ധനക്കൊതി മൂലം മരണം എന്ന അന്ധകാരത്തിലേക്ക് എറിയപ്പെട്ടിരിക്കുന്നു. അപ്പോഴൊക്കെയും ഇതുപോലെ അക്ഷരങ്ങളിലൂടെയും വാക്കുകളിലൂടെയും അത് നമുക്ക് ചുറ്റും വട്ടമിട്ടു പറക്കുന്നു. കുറെ കഴിയുമ്പോൾ അത് മറവിയുടെ മായാപഥത്തിലേക്ക് ആഴ്ന്ന് പോവുന്നു. പിന്നീട് മറ്റൊരു പെൺകുട്ടി അതിന് ഇരയാവുമ്പോൾ വീണ്ടും ആ ഓർമ്മകൾ പൊടി തട്ടിയെടുക്കുന്നു.

പത്ത് വർഷം പ്രണയിച്ച് തനിക്ക് വിലപെട്ടതെല്ലാം താൻ വിശ്വസിച്ചവന് കാഴ്ചവെച്ച് ആശിച്ചവന്റെ കൈ പിടിക്കുന്നതിന് പകരം മരണത്തിന്റെ കൈപിടിച്ച് ജീവിതത്തിന്റെ പടികൾ ഇറങ്ങേണ്ടി വന്ന റംസിയും, ഇട്ടു മൂടാൻ സ്വർണ്ണം കൊടുത്തിട്ടും അതിൽ തൃപ്തി വരാതെ പൂമാല കൊണ്ട് വരണമാല്യം അണയിച്ചവൻ തന്നെ മൂർഖനെ കൊണ്ട് മരണമാല്യം അണിയിച്ച ഉത്രയും വിസ്മയക്ക് മുമ്പേ അക്ഷരങ്ങളിലൂടെയും വാക്കുകളിലൂടെയും നമ്മുക്ക് മുന്നിൽ വാർത്തയായവരാണ്. അന്നും നമ്മൾ പ്രാർത്ഥിച്ചിരുന്നു,, ഇനിയൊരിക്കലും ഒരു പെൺകുട്ടിക്കും ഈ ഗതി വരരുതേ എന്ന്.

എന്നാൽ ഇന്ന് വിസ്മയ നമുക്ക് ഒരു നൊമ്പരമായി മാറുമ്പോൾ നമ്മുടെ നാടിന്റ ഏതോ ഒരു കോണിൽ ഏതോ ഒരു വീട്ടിൽ ഇതുപോലെ മറ്റൊരു വിസ്മയ ഒരു പക്ഷേ പീഢിപ്പിക്കപെടുന്നുണ്ടാവാം.

സ്ത്രീ തന്നെയാണ് ധനം എന്ന് നമ്മൾ നാവ് കൊണ്ട് നൂറാവർത്തി പറഞ്ഞാലും സ്ത്രീ ധനം അല്ലെന്നും അതൊരു വില്പനച്ചരക്ക് മാത്രമാണെന്നും ഇന്ന് പല ഘട്ടങ്ങളിലൂടെ നമുക്ക് മുന്നിൽ തെളിയിക്കപ്പെട്ടിരിക്കുന്നു. ഇട്ടു മൂടാൻ പൊന്നും തല വെച്ച് കിടക്കാൻ പണവും അർമാദിച്ച് നടക്കാൻ കാറും നൽകിക്കൊണ്ട് തന്റെ മകളെ ഒരാളുടെ കയ്യിൽ പിടിച്ച് ഏൽപ്പിക്കുമ്പോൾ മാതാപിതാക്കൾ ഒരു കാര്യം ചിന്തിക്കേണ്ടിയിരിക്കുന്നു… മകൾ കയറി ചെല്ലുന്ന വീട്ടിൽ അവൾ സുരക്ഷിതയാണോ എന്ന്.

101 പവൻ സ്വർണവും കാറും ഏക്കർ കണക്കിന് സ്ഥലവും തന്റെ മകൾക്ക് സ്ത്രീധനമായി നൽകി കൊണ്ട് ഒരുത്തന്റെ കൈകളിലേക്ക് മകളെ പിടിച്ച് ഏൽപ്പിക്കുമ്പോൾ ഓ: . മകളെ കെട്ടിച്ചു വിട്ടല്ലോ… എന്റെ ഒരു വലിയ ബാധ്യത ഇതോടെ അവസാനിച്ചു എന്ന് ചിന്തിക്കാതെ പുതു ജീവിതത്തിലേക്ക് കാലെടുത്തുവെക്കുന്ന തന്റെ മകൾ അവിടെ സുരക്ഷിതയാണോ എന്നുകൂടി അന്വേഷിക്കേണ്ട കാലം ഇന്ന് വിദൂരമല്ല.

ഒരുപാട് സ്വപ്നങ്ങളും മോഹങ്ങളും നെയ്തു കൂട്ടി വിവാഹ ജീവിതത്തിലേക്ക് കാലെടുത്തു വെക്കുന്ന പെൺകുട്ടികൾക്ക് മേൽ പണം എന്ന അത്യാർത്തി പൂണ്ട കരാളഹസ്തങ്ങൾ പതിക്കുമ്പോൾ ഒന്ന് പ്രതികരിക്കാൻ പോലും കഴിയാതെ തന്റെ ജീവിതം തുറുങ്കിൽ അടക്കപ്പെടുമ്പോഴും അവൾ സഹായത്തിനായി കേഴുന്നു.. സ്വന്തം മാതാപിതാക്കളോട് അപേക്ഷിക്കുന്നു. മകളുടെ വാക്കുകൾ പൊയ് വാക്കുകളായി കരുതി അതിനെ അവഗണിക്കുമ്പോൾ മാതാപിതാക്കൾ ചിന്തിക്കുന്നില്ല തന്റെ മകൾ ജീവിതത്തിനും മരണത്തിനും ഇടയിലെ നൂൽപാലത്തിൽ നിന്ന് കൊണ്ടാണ് സഹായം ആവശ്യപ്പെടുന്നത് എന്ന സത്യം.

കടമകളും കടപ്പാടുകളും തീർക്കാനായി സ്വന്തം പെൺമക്കളെ വിൽപ്പനച്ചരക്കാക്കി മരണത്തിനു കൈപിടിച്ചു കൊടുത്ത് കൊണ്ട് സ്വയം ശപിച്ചും കണ്ണീർ പൊഴിച്ചും ശിഷ്ട കാലം ജീവിച്ചു തീർക്കുന്നതിനു പകരം മകൾക്ക് വില പറയാത്ത സ്ത്രീ തന്നെയാണ് ധനം എന്നു മനസ്സിലാക്കുന്ന ആണൊരുത്തന്റെ കൂടെ പറഞ്ഞുവിടാൻ ഓരോ മാതാപിതാക്കളും ശ്രദ്ധിക്കുക. വിവാഹ ചടങ്ങുകളുടെ സന്തോഷം കെട്ടടങ്ങും മുമ്പേ മരണാനന്തര ചടങ്ങുകൾ നടത്താനുള്ള അവസരം ഇനിയെങ്കിലും നമ്മുക്ക് മുമ്പിൽ ഉണ്ടാവാതിരിക്കട്ടെ എന്ന് നമ്മുക്ക് പ്രർത്ഥിക്കാം.

വലതുകാൽ വച്ച് കയറിച്ചെല്ലുന്ന വീട്ടിൽ വിലപിച്ചു കഴിയേണ്ടിവരുന്ന പെൺമക്കൾക്ക് മുമ്പിൽ സ്വന്തം വീടിന്റെ കവാടം മലർക്കെ തുറന്നിട്ടിരിക്കുകയാണെന്നും ഏത് സമയത്തും അഭിമാനത്തോടെ, ചങ്കുറപ്പോടെ കയറി വരാനുള്ള അവകാശം ഉണ്ടെന്നും മകളെ ഇരുകയ്യും നീട്ടി സ്വീകരിക്കാൻ ഞങ്ങളിവിടെ കാത്തിരിക്കുന്നുണ്ടെന്നും നിങ്ങൾ ഒരിക്കലും ഞങ്ങൾക്ക് ബാധ്യതയാവില്ലെന്നും ഓരോ മാതാപിതാക്കളും പെൺമക്കളെ ബോധ്യപെടുത്തുക.
Naseerabacker✍️

Share

About നസീറ ബക്കർ

View all posts by നസീറ ബക്കർ →