കണ്ണൂർ: പിതാവ് ഫ്രാന്‍സിസ് പിണറായി വിജയനെ തല്ലിയെന്ന കെ സുധാകരന്റെ ആരോപണത്തെ തള്ളി മകന്‍ ജോബി. അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ല. അക്രമ രാഷ്ട്രീയത്തിന്റെ ആളായിരുന്നില്ല തന്റെ പിതാവെന്നും മരിച്ചുപോയ തന്റെ അച്ഛനെ കുറിച്ച് അപവാദം പ്രചരിപ്പിക്കുന്ന സുധാകരന്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും മകന്‍ ജോബി 19/06/21 ശനിയാഴ്ച മാധ്യമങ്ങളോടു പറഞ്ഞു.
“എന്റെ പിതാവ് ക്രൂരനായ മനുഷ്യനാണ്, 24 മണിക്കൂറും കൈയില്‍ കത്തി കൊണ്ട് നടക്കുന്ന വ്യക്തിയാണ്, മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാന്‍ ശ്രമിച്ചു തുടങ്ങിയ പരാമര്‍ശങ്ങള്‍ കെ സുധാകരന്‍ നടത്തിയതായി ശ്രദ്ധയില്‍പ്പെട്ടു. അതിന്റെ അടിസ്ഥാനത്തിലാണ് ഈ പ്രതികരണം. 2000 ത്തില്‍ മരിച്ച പിതാവിനെക്കുറിച്ചാണ് സുധാകരന്‍ പരമാര്‍ശങ്ങള്‍ നടത്തിയിരിക്കുന്നത്. എന്റെ പിതാവ് യൂണിവേഴ്‌സിറ്റി വോളിബോള്‍ പ്ലയറായിരുന്നു. ഒരിക്കലും സഹജീവികളെ ഉപദ്രവിക്കുന്ന വ്യക്തിയല്ല. അതുകൊണ്ട് പ്രസ്താവനയില്‍ നിന്ന് പിന്‍മാറി സുധാകരന്‍ മാപ്പ് പറണം. അല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കും. കൂടുതല്‍ കാര്യങ്ങള്‍ ആവശ്യമെങ്കില്‍ പിന്നീട് പറയും.”
ജോബി പറഞ്ഞു.

