അംബാനിയുടെ വസതിക്കു സമീപം സ്ഫോടകവസ്തു: മുന്‍ ഏറ്റുമുട്ടല്‍ വിദഗ്ധന്‍ അറസ്റ്റില്‍

മുംബൈ: മുകേഷ് അംബാനിയുടെ വസതിക്കു സമീപം സ്ഫോടകവസ്തുക്കളടങ്ങിയ വാഹനം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ മുംബൈ പൊലീസിലെ മുന്‍ ഏറ്റുമുട്ടല്‍ വിദഗ്ധന്‍ പ്രദീപ് ശര്‍മയെ എന്‍.ഐ.എ. അറസ്റ്റ് ചെയ്തു. കേസില്‍ എന്‍.ഐ.എ. അറസ്റ്റ് ചെയ്ത മുന്‍ അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ സച്ചിന്‍ വാസെയുടെ സുഹൃത്താണു പ്രദീപ്. മന്‍സൂഖ് ഹിരണ്‍ കൊലക്കേസിലെ ഒന്നാം പ്രതികൂടിയാണു വാസെ.

1983ല്‍ സബ് ഇന്‍സ്പെക്ടറായി മുംബൈ പൊലീസില്‍ ചേര്‍ന്ന പ്രദീപ് ശര്‍മ മുംബൈ അധോലോകത്തെ തകര്‍ത്തുകളഞ്ഞ 300ല്‍ പരം ഏറ്റുമുട്ടലുകളില്‍ പങ്കാളിയായിട്ടുണ്ട്. 2019ല്‍ സ്വയംവിരമിച്ചു.

അന്ധേരിയിലെ വസതിയില്‍ ആറു മണിക്കൂര്‍ നീണ്ട പരിശോധനയ്ക്കുശേഷമാണ് അറസ്റ്റ്. എന്‍.ഐ.എ. സംഘം പുലര്‍ച്ചെ അഞ്ചിനാണു പ്രദീപിന്റെ വീട്ടിലെത്തിയത്.വ്യവസായി മന്‍സൂഖ് ഹിരണിന്റെ കൊലപാതകക്കേസിലും പ്രദീപിനെ പ്രതിചേര്‍ത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കേസില്‍ സന്തോഷ് ഷെല്ലാര്‍ അറസ്റ്റിലായതിനു പിന്നാലെയാണു പ്രദീപിലേക്ക് അന്വേഷണമെത്തിയത്.

Share
അഭിപ്രായം എഴുതാം