സാമ്പത്തികത്തകർച്ച; തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കുന്നതിന് കൂടുതല്‍ സമയം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കുന്നതിനുള്ള സമയപരിധി ഈമാസം അവസാനിക്കാനിരിക്കേ കൂടുതല്‍ സമയം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ്. ഡിസംബര്‍ വരെ സമയം അനുവദിക്കണമെന്നാണ് ആവശ്യം. ഇക്കാര്യം വ്യക്തമാക്കി അദാനി ഗ്രൂപ്പ് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് കത്ത് നല്‍കി.

കൊവിഡ് രണ്ടാം വ്യാപനത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധികള്‍ തിരിച്ചടിയായി എന്നാണ് സമയം നീട്ടിവാങ്ങുന്നതിന് കാരണമായി അദാനി ഗ്രൂപ്പ് ചൂണ്ടിക്കാട്ടുന്നത്. തിരുവനന്തപുരത്തിന് പുറമെ ജയ്പൂര്‍, ഗുവാഹത്തി, വിമാനത്താവളങ്ങള്‍ ഏറ്റെടുക്കാനും കൂടുതല്‍ സമയം വേണമെന്ന് അദാനി ഗ്രൂപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയം ഈമാസം അവസാനം ചേരുന്ന ബോര്‍ഡ് യോഗം ചര്‍ച്ചചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുമായി ഒപ്പുവെച്ച കരാര്‍ പ്രകാരം 180 ദിവസത്തിനുള്ളില്‍ വിമാനത്താവള നടത്തിപ്പ് ഏറ്റെടുക്കണമെന്നായിരുന്നു നിബന്ധന.

നിലവില്‍ രാജ്യത്ത് നിലനില്‍ക്കുന്ന കൊവിഡ് നിയന്ത്രണങ്ങള്‍ മൂലം ആവശ്യമായ ജീവനക്കാരെ ലഭിക്കുന്നില്ലെന്നാണ് എയര്‍ പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയെ അദാനി ഗ്രൂപ്പ് അറിയിച്ചിരിക്കുന്നത്. ഏറ്റെടുക്കലിന് മുന്നോടിയായി വിമാനത്താവളത്തിലെ ആസ്തികളുടെ കണക്കെടുപ്പ് ഉള്‍പ്പെടെ അത്യാവശ്യവുമാണ്. ഇതിന് പുറമെ കരാര്‍ പ്രകാരം ആറ് മാസംവരെ ഏറ്റെടുക്കല്‍ നീട്ടി നല്‍കാമെന്ന വ്യവസ്ഥയുമുണ്ട്. ഈ വ്യവസ്ഥ പ്രകാരം അദാനി ഗ്രൂപ്പിന് ഇളവ് അനുവദിക്കാനാണ് സാധ്യത.

അതേസമയം, ഇന്ത്യയിലെ ഏറ്റവും വലിയ ധനികരിലൊരാളായ ഗൗതം അദാനിക്ക് ജൂൺ 16 ന് ബിസിനസില്‍ നേരിട്ടത് വലിയ തിരിച്ചടിയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഏഷ്യയിലെ മുന്‍നിര ധനികരില്‍ ഒരാള്‍ എന്ന സ്ഥാന നഷ്ടത്തിന് ഉള്‍പ്പെടെ വഴിവയ്ക്കുന്ന തിരിച്ചടിയാണ് അദാനി നേരിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. 7700 കോടി ഡോളറില്‍ നിന്ന് അദാനിയുടെ സമ്പാദ്യം 6300 കോടി ഡോളറായി ഇടിഞ്ഞു.

ബ്ലൂംബെര്‍ഗ് ബില്ല്യനയേഴ്‌സ് ഇന്‍ഡക്‌സ് പ്രകാരം നാല് ദിവസത്തിനുള്ളില്‍ അദ്ദേഹത്തിന്റെ ആസ്തിയില്‍ 1400 കോടി ഡോളറിന്റെ(ഏകദേശം ഒരു ലക്ഷംകോടി രൂപ) കുറവ് രേഖപ്പെടുത്തിയതെന്നാണ് കണക്കുകള്‍. അദാനിയുടെ സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തിയ വിദേശ കമ്പനികളുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചെന്ന വാര്‍ത്തയെ തുടര്‍ന്നായിരുന്നു അദാനിക്ക് ഭീമമായ നഷ്ടമുണ്ടായത്. വാര്‍ത്തയ്ക്ക് പിന്നാലെ ഒരു മണിക്കൂറില്‍ 1 അദാനിയ്ക്ക് 73,000 കോടി രൂപ എന്ന തോതില്‍ തിരിച്ചടി ഉണ്ടായെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്.

Share
അഭിപ്രായം എഴുതാം