നിയോണ്‍: ഹംഗറിക്കെതിരായ മത്സരത്തിന് മുമ്പ് നടന്ന വാര്‍ത്താസമ്മേളനത്തില്‍ കൊക്ക കോളയുടെ കുപ്പികള്‍ എടുത്തുമാറ്റിയ പോര്‍ച്ചുഗീസ് ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നടപടിയില്‍ നീരസം പ്രകടിപ്പിച്ച് യുവേഫ. യൂറോ കപ്പിനെത്തുന്ന താരങ്ങളെല്ലാം ചട്ടങ്ങള്‍ പാലിക്കണമെന്നും സ്‌പോണ്‍സര്‍മാരില്ലാതെ യൂറോ കപ്പ് നടക്കില്ലെന്നും യുവേഫ ഡയറക്ടര്‍ മാര്‍ട്ടിന്‍ കലന്‍ പറഞ്ഞു.
സ്‌പോണ്‍സര്‍മാരോടുള്ള ബാധ്യത നിറവേറ്റാന്‍ താരങ്ങള്‍ തയ്യാറാകണമെന്നും കലന്‍ പറഞ്ഞു. ക്രിസ്റ്റ്യാനോക്കെതിരെ യുവേഫ നടപടിയെടുക്കുന്നില്ലെന്നും ചട്ടലംഘനത്തിന് നടപടിയെടുക്കേണ്ടത് യുവേഫ അല്ലെന്നും പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഫെഡറഷനാണെന്നും ഡയറക്ടര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, മതപരമായ കാരണങ്ങളാല്‍ താരങ്ങള്‍ക്ക് പരസ്യത്തില്‍ നിന്ന് വിട്ടുനില്‍ക്കാം എന്ന് ഹയ്‌നെകെന്‍ കമ്പനിയുടെ ബിയര്‍ കുപ്പി എടുത്തുമാറ്റിയ ഫ്രാന്‍സ് താരം പോഗ്ബയെ പിന്തുണച്ച് ഡയറക്ടര്‍ പറഞ്ഞു.
ഹംഗറിക്കെതിരായ മത്സരത്തിന് മുന്നോടിയായി കോച്ചിനൊപ്പമുള്ള വാര്‍ത്താ സമ്മേളനത്തിലായിരുന്നു ക്രിസ്റ്റ്യാനോ തന്റെ മുന്നില്‍ വെച്ചിരുന്ന കോള കുപ്പികള്‍ എടുത്ത് മാറ്റി വെള്ളമാണ് കുടിക്കേണ്ടതെന്ന ഉപദേശം നല്‍കിയത്.
സംഭവത്തിന് ശേഷം വിപണിയില്‍ കൊക്കകോളക്ക് വൻ തിരിച്ചടിയാണ് നേരിട്ടിത്. ഓഹരിയില്‍ കമ്പനിക്ക് 1.6 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.
കൊക്കകോളയുടെ പ്രതിദിന മൂല്യം 242 ബില്യണ്‍ ഡോളറില്‍ നിന്ന് 238 ബില്യണ്‍ ഡോളറായാണ് 24 മണിക്കൂറിനുള്ളില്‍ കുറഞ്ഞത്. കോളയല്ല പച്ചവെള്ളമാണ് കുടിക്കേണ്ടതെന്ന റൊണാള്‍ഡോയുടെ ആംഗ്യം കോളക്ക് ഒറ്റ ദിവസത്തില്‍ 4 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണുണ്ടാക്കിയത്.