ന്യൂ ഡല്‍ഹി: കേരളത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പരാജയം വിലയിരുത്താന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പാര്‍ട്ടിയുടെ കേന്ദ്രനേതൃത്വം തളളി. കഴിഞ്ഞ ആഴ്‌ച ഡല്‍ഹിയിലുണ്ടായിരുന്ന സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ദേശീയ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ്, അരുണ്‍ സിങ് എന്നിവരുമായി നടത്തിയ കൂടിക്കാഴ്‌ചക്കുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഈ വെളിപ്പെടുത്തല്‍. ഇത്തരത്തിലുളള റിപ്പോര്‍ട്ട് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വം സിവി ആനന്ദബോസ് ,ജേക്കബ് തോമസ്, മെട്രോമാന്‍ ഇ ശ്രീധരന്‍, എന്നിവരെ തെരഞ്ഞടുപ്പ് പരാജയം വിലയിരുത്താനായി നിയോഗിച്ചുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചില വ്യക്തികള്‍ അത്തരത്തില്‍ അവകാശ വാദം ഉന്നയിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അത്തരത്തില്‍ മാധ്യമ വാര്‍ത്തകള്‍ വന്നിരുന്നുവെന്നും എന്നാല്‍ പാര്‍ട്ടി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. . അവലോഹനം നടത്തുന്നതിനും റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനും പാര്‍ട്ടിക്ക് സ്വന്തമായ സംവിധാനങ്ങള്‍ ഉണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
മൂന്നംഗ സമിതിയെ നിയോഗിച്ചുവെന്ന വാര്‍ത്ത സംസ്ഥാന ബിജെപിയില്‍ വിഭാഗീയതക്കുളള വിഷയമായി മാറിയിരുന്നു. ഒരു വിഭാഗം ഇതിന്റെ വെളിച്ചത്തില്‍ സുരേന്ദ്രനെതിരായ നീക്കങ്ങളും ശക്തമാക്കിയിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ കേന്ദ്ര നേതൃത്വത്തിന്റെ പൂര്‍ണ പിന്തുണ സുരേന്ദ്രനുണ്ടെന്നും കേന്ദ്ര നേതൃത്വം വ്യക്തമാക്കി.