തറയില്‍ ഫിനാന്‍സ്‌ തട്ടിപ്പ്‌ : പോലീസ്‌ അന്വേഷണം തുടങ്ങി

പത്തനംതിട്ട: പത്തനംതിട്ട കേന്ദ്രമാക്കിയുളള തറയില്‍ ഫിനാന്‍സ്‌ സാമ്പത്തിക തട്ടിപ്പുകേസില്‍ പോലീസ്‌ അന്വേഷണം തുടങ്ങി. ഒളിവില്‍ പോയ സ്ഥാപന ഉടമ സജി സാമിനും ഭാര്യയ്‌ക്കുമായി പോലീസ്‌ തെരച്ചില്‍ ഊര്‍ജിതമാക്കി. നിക്ഷേപകരുടെ പരാതിയില്‍ പോലീസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്‌. ജില്ലാ പോലീസ്‌ മേധാവി നിശാന്തിനിയുടെ നേതൃത്വത്തിലാണ്‌ കേസന്വേഷണം. സ്ഥാപന ഉടമ വിദേശത്തേക്ക്‌ കടക്കാനുളള സാധ്യത പോലീസ്‌ തളളിയിട്ടില്ല. ഇയാള്‍ക്കെതിരെ ലുക്കൗട്ട്‌ നോട്ടീ്‌സ്‌ പുറത്തിറക്കാനും ആലോചനയുണ്ട്.

നാല്‌ പതിറ്റാണ്ടോളം പ്രവര്‍ത്തന പരിചയമുളള സ്ഥാപനമാണ്‌ തറയില്‍ ഫിനാന്‍സ്‌. നൂറുണക്കിനാളുകള്‍ 70 കോടിയോളം രൂപ ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നാണ്‌ പ്രാഥമിക വിവരം. പലിശ മുടങ്ങിയതോടെ10 ലക്ഷം രുപ നിക്ഷേപിച്ച ഒരാള്‍ പത്തനംതിട്ട പോലീസ്‌ സ്‌റ്റേഷനില്‍ കൊടുത്തതാണ്‌ ഇവര്‍ക്കെതിരെയുളള ആദ്യ പരാതി. ഈ പരാതിയെ തുടര്‍ന്ന്‌ പോലീസ്‌ നിക്ഷേപകനെയും ബാങ്ക്‌ ഉടമ സജി സാമിനനെയും നേരിട്ട്‌ വിളിച്ചു നടത്തിയ ചര്‍ച്ചയില്‍ ഏപ്രില്‍ 30ന്‌ പണം തിരികെ നല്‍കാമെന്ന വ്യവസ്ഥയില്‍ കേസെടുക്കാതെ അയക്കുകയായിരുന്നു.

പക്ഷെ പറഞ്ഞ അവധിക്ക്‌ പണം നല്‍കാന്‍ ബാങ്ക്‌ ഉടമയ്‌ക്ക്‌ കഴിഞ്ഞില്ല. പിന്നീട്‌ പലതവണയായി പണം പിന്‍വലിക്കാന്‍ എത്തിയവര്‍ കണ്ടത്‌ അടഞ്ഞുകിടക്കുന്ന ശാഖകളാണ്‌ ഇതോടെ കൂടുതല്‍ നിക്ഷേപകര്‍ പരാതിയുമായി എത്താന്‍ തുടങ്ങി . സജിസാമിനെ ഫോണില്‍ ബന്ധപ്പെടാന്‍ പലരും ശ്രമിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. ഓമല്ലൂരിലുളള ഇയാളുടെ വീട്‌ പുറത്തുനിന്നും പൂട്ടിയ നിലയിലാണ്‌. അടൂര്‍ പത്തനംതിട്ട സ്‌റ്റേഷനുകളിലാണ്‌ പരാതി ലഭിച്ചിരിക്കുന്നത്‌. ജില്ലാ പോലീസ്‌ മേധാവി ആര്‍ നിശാന്തിനിക്ക്‌ കൂടുതല്‍ ആളുകള്‍ ഇ-മെയില്‍ വഴിയും പരാതികള്‍ അയക്കുന്നുണ്ട്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →