ന്യൂഡൽഹി: ഇൻഡ്യൻ മെഡിക്കൽ അസോസിയേഷനുമായുള്ള അസ്വാരസ്യങ്ങൾക്കിടെ അലോപ്പതിയെ പുകഴ്ത്തി യോഗാചാര്യൻ ബാബാ രാംദേവ് രംഗത്ത്. അടിയന്തര ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കും അലോപ്പതിയാണ് ഉത്തമമെന്ന് ഹരിദ്വാറിൽ വച്ച് രാംദേവ് 10/06/21 വ്യാഴാഴ്ച പറഞ്ഞു.
യോഗയുടെയും ആയുർവേദത്തിന്റെയും സംരക്ഷണം ഉള്ളതിനാൽ തനിക്ക് കോവിഡ് വാക്സിൻ ആവശ്യമില്ലെന്ന് നേരത്തേ പറഞ്ഞ രാംദേവ് താൻ ഉടൻ കോവിഡ് വാക്സിൻ സ്വീകരിക്കുമെന്നും പ്രഖ്യാപിച്ചു. ഭൂമിയിലെ ദൈവത്തിന്റെ ദൂതന്മാരാണ് ഡോക്റ്റർമാർ എന്നും രാംദേവ് കൂട്ടിച്ചേർത്തു. കോവിഡ് -19 നെതിരായ അലോപ്പതി മരുന്നുകളുടെ ഫലപ്രാപ്തിയെക്കുറിച്ച് രാംദേവ് സംശയമുന്നയിച്ചത് വിവാദമായിരുന്നു.
സൗജന്യ വാക്‌സിനേഷനെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത രാംദേവ് ഇത് ചരിത്രപരമായ നടപടിയാണെന്ന് വിശേഷിപ്പിക്കുകയും പ്രതിരോധ കുത്തിവയ്പ്പ് നടത്തണമെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുകയും ചെയ്തു.
“വാക്സിൻ രണ്ട് ഡോസുകളും യോഗയുടെയും ആയുർവേദത്തിന്റെയും ഇരട്ട സംരക്ഷണവും നേടുക. കോവിഡിൽ നിന്ന് ഒരു വ്യക്തി പോലും മരിക്കാത്ത തരത്തിലുള്ള ശക്തമായ സംരക്ഷണ കവചം നിങ്ങൾക്ക് നൽകും.” മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു.