മരം കൊള്ള ; സംസ്ഥാന വ്യാപക അന്വേഷണം ; 2020 മാര്‍ച്ച് 11 ലെ റവന്യൂ വകുപ്പിന്റെ ഉത്തരവിന് ശേഷമുള്ള മുഴുവന്‍ മരം ഇടപാടുകളും അന്വേഷിക്കും

തൃശ്ശൂർ: സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ ഉയര്‍ന്ന മരം കൊളള ആരോപണത്തിൽ സമഗ്ര അന്വേഷണം നടത്തുന്നു. നിലവില്‍ വയനാട്, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളില്‍ നിന്ന് വലിയ ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് സമഗ്ര അന്വേഷണത്തിന് വനം വകുപ്പ് ഒരുങ്ങുന്നത്. അഞ്ച് ഫ്‌ളൈയിങ് സ്‌ക്വാഡ് ഡിഎഫ്ഒമാര്‍ക്കാണ് അന്വേഷണ ചുമതല. അന്വേഷണം 10/06/21 വ്യാഴാഴ്ച മുതല്‍ തന്നെ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. 2020 മാര്‍ച്ച് 11 ഇറങ്ങിയ റവന്യൂ വകുപ്പിന്റെ ഉത്തരവിന് ശേഷമുള്ള മുഴുവന്‍ മരം ഇടപാടുകളും അന്വേഷിക്കാനാണ് നിര്‍ദ്ദേശം. ജൂണ്‍ 22 നകം റിപ്പോര്‍ട്ട് കൈമാറണം.

അതിനിടെ, വയനാട്ടിലെ മുട്ടിലില്‍ നിന്നും മരം മുറിച്ച് കടത്തിയ വിവാദത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം. പട്ടയ ഭുമിയില്‍ നിന്ന് മരം മുറിച്ച് കടത്തിയെന്ന കേസില്‍ പൊലീസിന്റെയും വനംവകുപ്പിന്റെയും അന്വേഷണത്തിന് പുറമെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിഷയത്തില്‍ ഇടപെടുന്നത്. സംഭവത്തില്‍ തടികടത്ത് മാഫിയയും ഉദ്യോഗസ്ഥരുമായി കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നാണ് അടിസ്ഥാനത്തിലാണ് ഇഡി പരിശോധിക്കുക. സംഭവത്തില്‍ കോഴിക്കോട് സബ് സോണല്‍ ഉദ്യോഗസ്ഥര്‍ വിവരശേഖരണം തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആരോപണവിധേയരായ വനം റവന്യൂ ഉദ്യോഗസ്ഥരുടെ മുന്‍കാല സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെ അന്വേഷിക്കാനാണ് ഇഡി നീക്കം. ഉദ്യോഗസ്ഥരുടെ പശ്ചാത്തലത്തിന് പുറമെ ബാങ്ക് ഇടപാടുകളും അടുത്തിടെയുണ്ടായ ഭൂമി രജിസ്ട്രേഷനും അന്വേഷണപരിധിയില്‍ വരും. മുട്ടില്‍ സംഭവത്തില്‍ വന്‍ സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടെന്നാണ് വിലയിരുത്തല്‍, ഇടപാടുറപ്പിക്കുന്നതില്‍ കൂടിയ അളവില്‍ കള്ളപ്പണം കൈമാറിയിട്ടുണ്ടെന്നും ഇഡി കണക്കാക്കുന്നു.

പട്ടയ ഭൂമിയില്‍ നിന്ന് ചന്ദനം ഒഴികെയുള്ള മരങ്ങള്‍ മുറിക്കാമെന്ന റവന്യൂ വകുപ്പിന്റെ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്താണ് സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നും വന്‍തോതില്‍ ഈട്ടി ഉള്‍പ്പെടെയുള്ള മരങ്ങള്‍ മുറിച്ച് കടത്തിയെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. റവന്യൂ വകുപ്പ് പുറപ്പെടുവിച്ച ഈ ഉത്തരവ് സര്‍ക്കാര്‍ അറവോടെ തന്നെ ആയിരുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഉത്തരവിനെ കുറിച്ച് ഉദ്യോഗസ്ഥര്‍ എതിര്‍പ്പ് അറിയിച്ചിട്ടും ഭരണതലത്തില്‍ നിന്ന് സമ്മര്‍ദം ഉണ്ടായിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും ഉത്തരവ് തിരുത്തിയത് നാലുമാസം കഴിഞ്ഞാണെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →