കൊച്ചി: കേന്ദ്രസർക്കാർ കോവിഡ് വാക്സിൻ സൗജന്യമാക്കിയതോടെ വാക്സിൻ ചലഞ്ചായി ശമ്പളത്തിൽ പിടിച്ച 12.5 കോടി രൂപ തിരികെ ചോദിക്കാൻ വൈദ്യുതി ജീവനക്കാർ ഒരുങ്ങുന്നു. വൈദ്യുതിബോർഡ് ഉന്നതാധികൃതർക്ക് ഇതുസംബന്ധിച്ച് ജീവനക്കാരുടെ സംഘടനകൾ കത്തു നൽകും. ഇടതുസംഘടനകളൊഴികെയുള്ള സംഘടനകളെല്ലാം ഇക്കാര്യത്തിൽ ഒറ്റക്കെട്ടാണെന്നാണ് സൂചന. ജീവനക്കാരുടെ ഒരുദിവസത്തെ ശമ്പളമാണ് വാക്സിൻ ചലഞ്ചെന്ന പേരിൽ പിടിച്ചത്. വൈദ്യുതിബോർഡ് മാത്രമാണ് വാക്സിൻ ചലഞ്ചിനായി ജീവനക്കാരുടെ ശമ്പളം പിടിച്ചത്.
ബോർഡിലെ 34,000 ജീവനക്കാരിൽനിന്ന് സി.എം.ആർ.വി.സി. (ചീഫ് മിനിസ്റ്റേഴ്സ് റിലീഫ് വാക്സിൻ ചലഞ്ച്) എന്നപേരിൽ മേയ് മാസത്തെ ശമ്പളത്തിൽനിന്നാണ് തുക പിടിച്ചത്. കോവിഡിന്റെ പേരിൽ ജീവനക്കാരുടെ ശമ്പളം പിടിച്ചുവെച്ചത് സർക്കാർ തിരികെ നൽകാൻ തുടങ്ങിയിട്ടും വൈദ്യുതിബോർഡ് ഈ തുക തിരികെ നൽകിയിട്ടില്ല. രാജ്യംമുഴുവൻ വാക്സിൻ സൗജന്യമാക്കിയതോടെ ഇനി വാക്സിൻ ചലഞ്ചെന്ന പേരിൽ പണം നൽകുന്നതിൽ അർഥമില്ലെന്നാണ് സംഘടനകളുടെ പൊതുഅഭിപ്രായം.
ശമ്പളം തിരികെയാവശ്യപ്പെട്ട് കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ (ഐ.എൻ.ടി.യു.സി.) ചൊവ്വാഴ്ച ബോർഡ് ചെയർമാന് കത്ത് നൽകി. ജീവനക്കാരിൽനിന്ന് പിടിച്ച തുക ഇതുവരെ സർക്കാരിന് കൈമാറിയിട്ടില്ല. മറ്റുവകുപ്പുകളൊക്കെ കഴിഞ്ഞതവണ പിടിച്ച ശമ്പളം തിരിച്ചുകൊടുത്തപ്പോൾ വൈദ്യുതിബോർഡുമാത്രം അതുചെയ്യാത്തതിൽ ദുരൂഹതയുണ്ടെന്ന് കോൺഫെഡറേഷൻ വർക്കിങ് പ്രസിഡന്റ് അഡ്വ. സിബിക്കുട്ടി ഫ്രാൻസിസ് 09/06/21 ബുധനാഴ്ച പറഞ്ഞു.

