തൃശൂര്‍: കൊടകര കുഴല്‍പ്പണ കേസില്‍ കവര്‍ച്ച നടന്ന് അരമണിക്കൂറിനുളളില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രടക്കം എട്ട് സംസ്ഥാന ജില്ലാ നേതാക്കളെ പണം കൊണ്ടുപോയിരുന്ന വാഹനത്തിലുണ്ടായിരുന്ന ധര്‍മ്മരാജന്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി അന്വേഷണ സംഘം. ധര്‍മ്മരാജന്‍ ഫോണി്‌ല്‍ ബന്ധപ്പെട്ടിരുന്നവരുടെ കൂട്ടത്തില്‍ സുരേന്ദ്രന്റെ മകനും ഉണ്ടായിരുന്നതായി പോലീസ് പറയുന്നു.
തൃശൂരില്‍ ആറുകോടി രൂപ എത്തിയിരുന്നതായിട്ടാണ് പോലീസിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ വിവരം ശേഖരിക്കുന്നതിനായി ആര്‍എസ്‌എസ് നേതാവ് പിഎസ് ഈശ്വരനോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപി ഉത്തരമേഖലാ സെക്രട്ടറി കെപി സുരേഷിനേയും ചോദ്യം ചെയ്യും. പണം തൃശൂരില്‍ നിന്ന് ഏതെല്ലാം ജില്ലകളിലേക്കാണ് പോയതെന്നാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. ഇതിനാണ് സുരേഷിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം ധര്‍മ്മരാജന്‍ സ്‌പിരിറ്റുകടത്തുകേസില്‍ എഴുപതുദിവസം ജയിലില്‍ കിടന്നിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. കോഴിക്കോട് പന്നിയങ്കര, വയനാട്ടിലെ ബത്തേരി, സറ്റേഷനുകളില്‍ രണ്ടുകേസുകളുണ്ട്. പന്നിയങ്കര കേസില്‍ കോടതി ഇയാളെ കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഈ കേസ് ഹൈക്കോടതി പിന്നീട് സ്‌റ്റേ ചെയ്‌തു. പല അബ്‌കാരി കേസുകളിലും ധര്‍മരാജനെ പിടികൂടിയിരുന്നു. ആ കേസുകളിലെ നിയമ നടപടികള്‍ പൂര്‍ത്തിയായെന്നും അന്വേഷണോദ്യോഗസ്ഥര്‍ പറയുന്നു.

