ദില്ലി: സിബിഎസ്ഇ പ്ലസ് ടു പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിലുള്ള ബദൽ മാർക്ക് നിർണ്ണയം പൂർത്തിയാക്കാൻ രണ്ടു മാസത്തെ സമയം വേണ്ടിവരുമെന്ന് സർക്കാർ വൃത്തങ്ങൾ 02/06/21 ബുധനാഴ്ച വിശദീകരിച്ചു. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിന് പന്ത്രണ്ടാം ക്ലാസ് മാർക്കാണ് ആശ്രയിക്കുന്നത് എന്നിരിക്കെ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയാകെ വിശ്വാസത്തിലെടുത്തായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. അവരുമായുള്ള കൂടിയാലോചനകൾ ഉടൻ നടക്കും. സ്കൂളുകളുടെ നിലവാരം അനുസരിച്ചുള്ള മോഡറേഷനും ആലോചനയിലുണ്ട്.
സിബിഎസ്ഇ പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിൽ മാർക്ക് നിർണ്ണയത്തിന് സിബിഎസ്ഇ പരിഗണിക്കുന്ന നിർദ്ദേശങ്ങൾ ഇവയാണ്.
കേരളം പോലുള്ള സംസ്ഥാനങ്ങളിൽ ഇന്റേണൽ മാർക്ക് തന്നെ കർശന പരിശോധനയ്ക്ക് ശേഷമാണ് നൽകുന്നത് എന്ന കാര്യം ബോധ്യമുണ്ടെന്ന് സിബിഎസ്ഇ വ്യത്തങ്ങൾ പറഞ്ഞു. എൻട്രൻസ് പരീക്ഷയിൽ വിദ്യാർത്ഥികൾക്ക് തിരിച്ചടി ഏല്‍ക്കാതിരിക്കാൻ ബന്ധപ്പെട്ട ബോർഡുകളുമായി സംസാരിക്കും. സിബിഎസ്ഇ പരീക്ഷ റദ്ദാക്കിയ കാര്യം വ്യാഴാഴ്ച സർക്കാർ സുപ്രീം കോടതിയെ അറിയിക്കും.
സംസ്ഥാന ബോർഡുകളുടെ കാര്യത്തിലും കോടതി ഇടപെട്ടേക്കും. വിവേചനം അനുവദിക്കാനാകില്ലെന്ന കാരണം പറഞ്ഞ് സംസ്ഥാന ബോർഡ് പരീക്ഷകളും റദ്ദാക്കണമെന്ന ആവശ്യം വ്യാഴാഴ്ച സുപ്രീംകോടതിയിൽ ഉന്നയിക്കാനാണ് ഹര്‍ജിക്കാരുടെ തീരുമാനം.
അതെസമയം ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തെ തീരുമാനം എങ്ങനെ ബാധിക്കും എന്ന് വ്യക്തമായിട്ടില്ല. പ്രവേശനത്തിന് സിബിഎസ്ഇ മാർക്ക് അംഗീകരിക്കാമെന്നും പ്രത്യേക എൻട്രൻസ് ഉണ്ടാവില്ലെന്നും ദില്ലി സർവ്വകലാശാല മാത്രമാണ് ഇതുവരെ പ്രഖ്യാപിച്ചത്.

