ന്യൂഡല്‍ഹി: കോവിഡിന്റെ രണ്ടാം തരംഗത്തില്‍ വാക്‌സിന്‍ മൈത്രിയുമായി മുന്നില്‍ നിന്നിരുന്ന ഇന്ത്യ പ്രതിസന്ധി നേരിടുമ്പോള്‍ നേട്ടം കൊയ്യാന്‍ ചൈന. തുടക്കത്തില്‍ ലോകരാജ്യങ്ങളിലേക്ക് വലിയ രീതിയില്‍ കോവിഡ് വാക്‌സിന്‍ കയറ്റുമതി ചെയ്ത ഇന്ത്യ ഇപ്പോള്‍ വാക്‌സിന്‍ ക്ഷാമം നേരിടുന്നതാണ് ഇന്ത്യയുടെ പ്രതിഛായയെ ബാധിച്ചിരിക്കുന്നത്. ഈ അവസരം മുതലാക്കി ചൈന വാക്‌സിനുകള്‍ വാഗ്ദാനം ചെയ്യുകയും വിതരണം ചെയ്യുകയും ചെയ്തുകൊണ്ട് ഇന്ത്യയുടെ അയല്‍രാജ്യങ്ങളെ സമീപിക്കുകയും ചെയ്തിട്ടുണ്ട്. നേരത്തെ അയല്‍രാജ്യങ്ങളുടെ ആദ്യ ചോയിസ് ഇന്ത്യയുടെ കോവിഷീല്‍ഡ് ആയിരുന്നു. എന്നാല്‍ വാക്‌സിന്‍ ലഭ്യത കുറവ് കൊണ്ട് നിലവില്‍ ചൈനീസ് വാക്‌സിനുകള്‍ വാങ്ങാന്‍ അവര്‍ നിര്‍ബന്ധിതരായി കൊണ്ടിരിക്കുകയാണ്. പല രാജ്യങ്ങളും നിലവില്‍ ചൈനീസ് വാക്‌സിന്‍ വാങ്ങി തുടങ്ങിയിട്ടുണ്ട്.ചൈനയുടെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എന്റര്‍പ്രൈസ് സിനോഫാര്‍മിന്റെ വാക്‌സിന്‍ നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക, മാലിദ്വീപ് എന്നിവിടങ്ങളിലേക്ക് എത്തിയത് ഇതിന് ഉദാഹരണമാണ്. തുടക്കത്തില്‍ വാക്‌സിന്‍ മൈത്രിയില്‍ പിന്നിട്ട് നിന്ന ചൈനയുടെ തിരിച്ച് വരവായാണ് ഇതിനെ വിലയിരുത്തുന്നത്.
ഐക്യരാഷ്ട്ര സഭ രൂപംകൊടുത്ത കൂട്ടായ്മയ്ക്കു കീഴിലാണ് ഇന്ത്യന്‍ വാക്സീന്‍ രാജ്യങ്ങള്‍ കൈമാറുന്നത്. ഇതിനിടെ 70 ലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്‌സീന്‍ പാക്കിസ്ഥാനു നല്‍കുമെന്നാണ് ഇന്ത്യ അറിയിച്ചിരുന്നു. എന്നാല്‍, ഇതിന്റെ വിതരണം ഇതുവരെ നടന്നിട്ടല്ല.
കോവിഡ് വാക്‌സീനുകള്‍ എല്ലാ രാജ്യങ്ങള്‍ക്കും തുല്യമായി ലഭ്യമാക്കുന്നത് ഉറപ്പാക്കാന്‍ ലോകത്തെ മൂന്നില്‍ രണ്ട് രാജ്യങ്ങളും ഒരുമിച്ച് തുടങ്ങിയ ആഗോള സഹകരണമാണ് കോവാക്‌സ്. ഇതില്‍ 47 രാജ്യങ്ങള്‍ക്ക് 1.06 കോടിയിലധികം ഡോസുകള്‍ സൗജന്യമായാണ് നല്‍കിയത്. 1 കോടി 98 ലക്ഷം ഡോസുകള്‍ 47 ഓളം രാജ്യങ്ങളിലേക്ക് യുഎന്നിന്റെ കോവാക്‌സ് പദ്ധതി വഴിയും വിതരണം ചെയ്തിട്ടുണ്ട്. ബംഗ്ലാദേശ്, മ്യാന്‍മര്‍, നേപ്പാള്‍, ഭൂട്ടാന്‍, മാലിദ്വീപ്, മൗറീഷ്യസ്, ശ്രീലങ്ക, സീഷെല്‍സ്, ബഹ്റൈന്‍, ഒമാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്കാണ് ‘വാക്‌സിന്‍ മൈത്രി’ വഴി സൗജന്യമായി ഇന്ത്യ വാക്‌സീനുകള്‍ നല്‍കിയത്. കോവിഡ് മഹാമാരിക്കെതിരെ പോരാടാന്‍ എല്ലാവരേയും സഹായിക്കുന്നതിന് രാജ്യത്തെ വാക്‌സീന്‍ ഉല്‍പാദനവും വിതരണ ശേഷിയും ഉപയോഗിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രഖ്യാപിത പ്രതിബദ്ധത പാലിച്ചാണ് ഇത് ചെയ്യുന്നതെന്ന് വിദേശകാര്യ അറിയിച്ചിരുന്നു. വാണിജ്യാടിസ്ഥാനത്തില്‍ 26 രാജ്യങ്ങളിലേക്ക് 3 കോടി 57 ലക്ഷത്തിലധികം വാക്‌സീന്‍ ഡോസുകളും അയച്ചതായും വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയ രേഖകള്‍ കാണിക്കുന്നു. മിക്ക രാജ്യങ്ങളിലേക്കും മെയ്ഡ് ഇന്‍ ഇന്ത്യ വാക്‌സീനുകള്‍ ഒന്നിലധികം പദ്ധതികള്‍ വഴി വിതരണം ചെയ്തിട്ടുണ്ട്. അതില്‍ ഗ്രാന്റ് എയ്ഡ്, കോവാക്‌സ് എന്നിവ ഉള്‍പ്പെടുന്നു. ഇന്ത്യന്‍ നിര്‍മിത വാക്‌സീനുകള്‍ വിതരണം ചെയ്യണമെന്ന് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അഭ്യര്‍ഥനയെത്തുടര്‍ന്നാണ് ഗ്രാന്റ് എയ്ഡിന് കീഴില്‍ ഭൂട്ടാന്‍, മാലിദ്വീപ്, ബംഗ്ലാദേശ്, നേപ്പാള്‍, മ്യാന്‍മര്‍, സീഷെല്‍സ് എന്നിവിടങ്ങളിലേക്ക് ജനുവരി 20ന് സര്‍ക്കാര്‍ കോവിഡ് വാക്‌സീന്‍ വിതരണം ആരംഭിച്ചത്.
രാജ്യത്ത് നിര്‍മിച്ചതും വികസിപ്പിച്ചെടുത്തതുമായ വാക്‌സീനുകള്‍ ഇന്ത്യ 94 രാജ്യങ്ങള്‍ക്ക് നല്‍കി സഹായിച്ചെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. ഏപ്രില്‍ 23 വരെയുള്ള കണക്കുകള്‍ പ്രകാരം 94 ഓളം രാജ്യങ്ങളിലേക്ക് ഇന്ത്യ 6.62 കോടി ഡോസ് മെയ്ഡ് ഇന്‍ ഇന്ത്യ കോവിഡ് വാക്‌സീനുകള്‍ വിതരണം ചെയ്തുവെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏപ്രില്‍ 16 ന് സിറിയക്കും അല്‍ബാനിയക്കുമാണ് അവസാനമായി ഇന്ത്യന്‍ നിര്‍മിത വാക്‌സീനുകള്‍ വിതരണം ചെയ്തിരിക്കുന്നത്.
എന്നാല്‍ ഇപ്പോള്‍ രണ്ട് ലക്ഷത്തോളമാണ് ഇന്ത്യയില്‍ പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം. ഈ സാഹചര്യത്തില്‍ രാജ്യത്തെ കോവിഡ് വാക്‌സിനേഷന്റെ വിതരണത്തിന്റെ വേഗത വര്‍ധിപ്പിക്കുന്നതിനിടയിലാണ് ഡോസുകളില്‍ ക്ഷാമമുള്ളത്. ലോകരാജ്യങ്ങളുടെ സഹകരണത്തോടെ ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന വാക്‌സിനുകള്‍ കോവാക്‌സ് എന്ന പരിപാടിയിലൂടെ ഇന്ത്യ അറുപതിലധികം രാജ്യങ്ങളിലേക്ക് എത്തിച്ചിരുന്നു. ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെയായിരുന്നു ഇത്. എന്നാല്‍ ഇത് നിലയ്ക്കുന്നതോടെ ഈ രാജ്യങ്ങളിലും പ്രതിസന്ധി രൂക്ഷമാകും. ഒപ്പം ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യ പടുത്തുയര്‍ത്തിയ പ്രതിഛായക്കും മങ്ങലേല്‍ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ഇന്ത്യയിലെ കോവിഡ് വാക്‌സിന്‍ പ്രതിസന്ധി പ്രധാനമായും ആഫ്രിക്കയിലെ അടക്കമുള്ള ദരിദ്ര രാജ്യങ്ങളെയാകും ബാധിക്കുക. നിലവില്‍ ഇന്ത്യ റഷ്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് വാക്‌സിന്‍ ഇറക്കുമതി ചെയ്ത് തുടങ്ങി. എന്നാല്‍ കോവാക്‌സ് സംവിധാനത്തിലെ നിലവിലെ പ്രതിസന്ധിക്ക് കാരണം ഇന്ത്യയുടെ ആഭ്യന്തര ഉപയോഗം കൂടിയത് മാത്രമല്ല എന്ന വിലയിരുത്തലുമുണ്ട്. ഉല്‍പാദനത്തില്‍ നിക്ഷേപത്തിന്റെ അഭാവം, അസംസ്‌കൃത വസ്തുക്കളുടെ കുറവ് എന്നിവയും വാക്‌സിന്‍ ക്ഷാമത്തിന് കാരണമായി. ഈ വീഴ്ച യഥാര്‍ത്ഥത്തില്‍ മുതലാക്കുന്നതാവട്ടെ ചൈനയുമാണ്.

